സ്‌മാര്‍ട്ട്ഫോണ്‍ ഉപയോഗം അഡിക്ഷനായോ? പരിഹരിക്കാന്‍ ഇതാ വഴികള്‍
സ്‌മാര്‍ട്ട്ഫോണ്‍ ആസക്തി പലതരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും, അതിനാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം
തിരുവനന്തപുരം: 'എപ്പോ നോക്കിയാലും അതിൽ തോണ്ടിക്കൊണ്ടിരിക്കുവാ'...ഇത് ദിവസത്തിലൊന്ന് എന്ന കണക്കിൽ കേൾക്കാത്ത കുട്ടികള്‍ കുറവായിരിക്കും. സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ...? വഴിയുണ്ട്. ഡിജിറ്റൽ യുഗത്തിൽ നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മാറിയ സ്മാർട്ട്ഫോണുകൾ ഇനി ആരോഗ്യകരമായ അകലത്തിൽ നിർത്താം.
അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗം ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാനാവാത്ത അവസ്ഥ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഉറച്ച തീരുമാനത്തിലൂടെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് നമുക്ക് മാറിനില്‍ക്കാനാകും. ആരോഗ്യകരമായ സ്മാർട്ട്ഫോണ്‍ ശീലങ്ങൾക്കായി കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
1. പരിധി നിശ്ചയിക്കുക
ഫോണ്‍ എപ്പോഴൊക്കെ ഉപയോഗിക്കാമെന്നുള്ള സമയപരിധി നിശ്ചയിക്കലാണ് ആദ്യ മാർഗം. കോളുകൾ വരുമ്പോൾ ഏതു സമയത്തും ഫോൺ എടുക്കേണ്ടിവരുമായിരിക്കാം. എന്നാല്‍ ഗെയിം കളിക്കാൻ, വീഡിയോകൾ കാണാൻ, ഓൺലൈൻ ഷോപ്പിങ് ചെയ്യാൻ തുടങ്ങിയ ഓരോന്നിനും അനുയോജ്യമായ സമയം നിശ്ചയിക്കുക.
2. മാനസിക സന്തോഷവും ശ്രദ്ധയും പരിശീലിക്കുക
മനസിനെ സന്തോഷത്തോടെയും ശ്രദ്ധയോടെയും കാത്തുസൂക്ഷിക്കുക എന്നത് മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്ന് മാത്രമല്ല, മറ്റ് പലവിധ മാനസികാരോഗ്യ വെല്ലുവിളികളിൽ നിന്നും മാറിനിൽക്കാനുള്ള ഉപായമാണ്.
3. മാനുഷിക ബന്ധങ്ങൾക്ക് മുൻഗണന നൽകുക
ഡിജിറ്റൽ ലോകത്ത് വിർച്വൽ ബന്ധങ്ങൾ വളർത്തിയെടുക്കൽ വളരെ എളുപ്പമാണ്. അതുപോലെതന്നെ പുറത്തും ആരോഗ്യകരമായ സൗഹൃദങ്ങൾ സൃഷ്ടിക്കുക. നമ്മുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും ശക്തമായ സാമൂഹിക ബന്ധങ്ങൾ അനിവാര്യമാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
4. നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക
നോട്ടിഫിക്കേഷനുകൾ ഒരാളെ മൊബൈൽ ഫോണിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ്. നോട്ടിഫിക്കേഷനുകൾ നിയന്ത്രിച്ചാൽ ഒരു പരിധിവരെ മറ്റു കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ നൽകാൻ കഴിയും.
6. ഡിജിറ്റൽ വെൽ-ബീയിങ് ആപ്പുകൾ
നമ്മുടെ ഫോൺ ഉപയോഗ സമയത്തിന്‍റെ കണക്കുകൾ, ഓരോ ആപ്പും എത്ര നേരം ഉപയോഗിച്ചു, എത്ര തവണ ഫോൺ അൺലോക്ക് ചെയ്തു, എത്ര നേരം വീഡിയോ കണ്ടു, എത്ര നേരം കോൾ ചെയ്തു, തുടങ്ങിയ നിരവധി വിവരങ്ങൾ നിരവധി ആപ്പുകൾ വഴി വിശകലനം ചെയ്യാൻ കഴിയും. എല്ലാ ദിവസവും ഇത് പരിശോധിച്ചുകൊണ്ട് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുക.
7. മാനസികാരോഗ്യ പിന്തുണ തേടുക
ഫോൺ ഉപയോഗം അഡിക്ഷനായി മാറിയെന്ന് തോന്നിയാൽ മടികൂടാതെ മാനസികാരോഗ്യ കൗൺസിലർമാരുടെയോ തെറാപ്പിസ്റ്റുകളുടെയോ പിന്തുണ തേടുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം