നാട്ടിന്‍പുറത്തും നഗരങ്ങളിലും ബിഎസ്എന്‍എല്‍ 4ജി; സിം വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യാം!
ആപ്ലിക്കേഷന്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ പുതിയ 4ജി സിം ഓര്‍ഡര്‍ ചെയ്യാനും അപ്‌ഗ്രേഡ‍് ചെയ്യാനും പോര്‍ട്ട് ചെയ്യാനും സൗകര്യമൊരുക്കി ബിഎസ്എന്‍എല്‍
തിരുവനന്തപുരം: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിന്‍റെ ഭാഗമായി 4ജി നെറ്റ്‌വര്‍ക്ക് ബിഎസ്എന്‍എല്‍ വ്യാപിപ്പിച്ചുവരികയാണ്. കേരളത്തിലടക്കം വിവിധയിടങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമായിട്ടുണ്ട്. ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യാനും പുതിയ 4ജി സിം എടുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി സൗകര്യമുണ്ട്.
ബിഎസ്എന്‍എല്ലിന്‍റെ പുതിയ സിം എടുക്കണമെങ്കിലോ മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് പോര്‍ട്ട് ചെയ്യണമെങ്കിലോ ബിഎസ്എന്‍എല്‍ ഓഫീസ് സന്ദര്‍ശിക്കണമെന്നില്ല. LILO ആപ്പ് വഴി ബിഎസ്എന്‍എല്ലിന്‍റെ പുതിയ 4ജി സിം കാര്‍ഡിന് ഓര്‍ഡര്‍ നല്‍കാം. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷനില്‍ കയറി ബിഎസ്എന്‍എല്‍ എന്ന ഓപ്ക്ഷന്‍ തെരഞ്ഞെടുത്താല്‍ അപ്‌ഗ്രേഡ് ടു 4ജി സിം, ഗെറ്റ് ന്യൂ സിം, പോര്‍ട്ട് ടു ബിഎസ്എന്‍എല്‍ എന്നീ ഓപ്ഷനുകള്‍ കാണാം. പുതിയ 4ജി സിം ആണ് ആവശ്യമെങ്കില്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌ത് അഡ്രസ് നല്‍കിയാല്‍ സിം വീട്ടുപടിക്കലെത്തും. സമാനമായി സിം ഓണ്‍ലൈനായി പോര്‍ട്ട് ചെയ്‌തും വീട്ടുപടിക്കല്‍ വാങ്ങാം.
ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തവരാണേല്‍ ബിഎസ്എന്‍എല്ലിന്‍റെ 4ജി സിം ഓര്‍ഡര്‍ ചെയ്യാന്‍ മറ്റൊരു എളുപ്പവഴി കൂടിയുണ്ട്. 8891767525 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ഒരു Hi അയച്ചാല്‍ മതിയാകും ഇതിനായി. ഇങ്ങനെ സിം ഓര്‍ഡര്‍ ചെയ്യുമ്പോഴും ചാറ്റില്‍ നിന്ന് ബിഎസ്എന്‍എല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ സര്‍വീസ് സെലക്ട് ചെയ്‌താല്‍ ആപ്പിലെ പോലെ തന്നെ അപ്‌ഗ്രേഡ് സിം, ഗെറ്റ് ന്യൂ സിം, പോര്‍ട്ട് ടു ബിഎസ്എന്‍എല്‍ എന്നീ മൂന്ന് സേവനങ്ങളും ലഭിക്കും. ഇങ്ങനെ ഓര്‍ഡര്‍ ചെയ്യുമ്പോഴും സിം വീട്ടുപടിക്കല്‍ എത്തിക്കും.
Read more: ബിഎസ്എന്‍എല്‍ 4ജി: 35000 ടവറുകള്‍ പൂര്‍ത്തിയായി, മാന്ത്രിക സംഖ്യ പിന്നിടുക 2025ല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം