ശ്ശെടാ, ഇത് വല്യ കഷ്ടമായല്ലോ! ഡാറ്റ തീർന്നെന്ന ആ പരാതി ഇനി വേണ്ട; ഉഗ്രൻ പ്ലാനുമായി എയർടെൽ, ഡാറ്റ ലോൺ ലഭിക്കും
ഏകദേശം മൂന്നു മാസമെങ്കിലും എയർടെൽ സർവീസ് ഉപയോഗിക്കുന്നവർക്കാണ് ഈ ഓഫർ കമ്പനി നല്കുക
ഡാറ്റ തികയുന്നില്ല എന്ന സങ്കടമുണ്ടോ? എങ്കിൽ പിന്നെ ലോണെടുക്കാം. ഡാറ്റാ ലോണെന്ന പരിഹാരവുമായി എത്തിയിരിക്കുന്നത് എയർടെല്ലാണ്. രാജ്യത്തെ പ്രതിശീർഷ വരുമാനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഒരു ജി ബി ഡാറ്റ കൊണ്ട് മുമ്പ് ഒരു മാസം ആഡംബരത്തോടെ മുന്നോട്ടു പോകാമായിരുന്നെങ്കിൽ, ഇപ്പോൾ ഒരു ദിവസം കടന്നുപോകാൻ അഞ്ച് ജി ബി എങ്കിലും വേണം എന്ന അവസ്ഥയിലാണ് പലരും. നോക്കിയ എംബിറ്റ് (MBiT) ഇൻഡെക്‌സ് റിപ്പോർട്ട് പ്രകാരം 2023 ൽ രാജ്യത്തെ ഉപയോക്താക്കളുടെ ശരാശരി ഡാറ്റ ഉപയോഗം പ്രതിമാസം 24.1ജിബിയായി ഉയർന്നിരുന്നു. ഫോണുകൾക്കും കംപ്യൂട്ടറുകൾക്കും പിന്നിലിരിക്കുന്നവർക്ക് ഡാറ്റ എത്ര കിട്ടിയാലും മതിവരില്ല. ഇത്തരം സാഹചര്യങ്ങളിലാണ് എയർടെല്ലിന്റെ 2 ജി, 4 ജി ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ 'കടമെടുക്കാം' എന്ന പദ്ധതി ആശ്വാസമാകുന്നത്.
ഏകദേശം മൂന്നു മാസമെങ്കിലും എയർടെൽ സർവീസ് ഉപയോഗിക്കുന്നവർക്കാണ് ഈ ഓഫർ കമ്പനി നല്കുക. '52141' എന്ന നമ്പറിൽ വിളിച്ചാൽ എയർടെൽ ഉപയോക്താവിന് ഈ സേവനം ലഭ്യമാകും. അല്ലെങ്കിൽ യു എസ് എസ് ഡി കോഡ് ആയ *567*3# ഡയൽ ചെയ്യുക. തുടർന്ന് ലഭിക്കുന്ന എസ് എം എസിനു മറുപടിയായി 1 എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക. (ഇങ്ങനെ ലഭിക്കുന്ന ഇന്ററാക്ടിവ് എസ് എം എസ് അയച്ചിരിക്കുന്നത് CLI 56321 എന്ന നമ്പറിൽ നിന്നായിരിക്കും.)
1 ജി ബി ഡാറ്റ ലഭിച്ചെന്ന് സന്തോഷിക്കും മുൻപ് ഒരു കാര്യം മറക്കരുത്. ഇതിന്റെ വാലിഡിറ്റി രണ്ട് ദിവസം മാത്രമായിരിക്കും. അടുത്ത തവണ നിങ്ങൾ ഡാറ്റയ്ക്കായി ചാർജ് ചെയ്യുമ്പോൾ ഈ 1 ജിബി കമ്പനി തിരിച്ചുപിടിക്കും. ഈ ഡേറ്റാ കടം വീട്ടാത്ത പക്ഷം പിന്നെ ലോൺ ആയി ഡേറ്റ തരികയുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം