Asianet News MalayalamAsianet News Malayalam

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണോ; മുഴുവന്‍ ഫീസും ലഭിക്കുന്ന എയര്‍ടെല്‍ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

ഭാരതി എയര്‍ടെല്‍ ഫൗണ്ടേഷനാണ് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്

How and who can register for Bharti Airtel Scholarship Program 2024 25
Author
First Published Jul 19, 2024, 12:51 PM IST | Last Updated Jul 19, 2024, 1:00 PM IST

ദില്ലി: എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുമായി ഭാരതി എയര്‍ടെല്‍. ഭാരതി എയര്‍ടെല്‍ ഫൗണ്ടേഷന്‍റെ 25-ാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് 'ഭാരതി എയര്‍ടെല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം' എന്ന പേരില്‍ പ്രത്യേക സ്കോളര്‍ഷിപ്പ് ആരംഭിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് എയര്‍ടെല്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുക. 

അപേക്ഷിക്കാനുള്ള യോഗ്യതകള്‍ 

ഭാരതി എയര്‍ടെല്‍ ഫൗണ്ടേഷനാണ് എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. തെര‌ഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം, അഞ്ച് വര്‍ഷം വരെയുള്ള ഇന്‍റഗ്രേറ്റഡ് കോഴ്‌സുകള്‍ എന്നിവയില്‍ ആദ്യ വര്‍ഷം എഞ്ചിനീയറിംഗിന് പഠിക്കുന്നവര്‍ക്കും അടുത്തിടെ അഡ്‌മിഷന്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. 2024 ഓഗസ്റ്റില്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പൗരന്‍മാരും ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവരും ആയിരിക്കണം. 

വിദ്യാര്‍ഥികളുടെ യോഗ്യതയും സാമ്പത്തികസ്ഥിതിയും പരിഗണിച്ചാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ഭാരതി എയര്‍ടെല്ലിന്‍റെ മറ്റ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ഇതിനകം ലഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാവില്ല. അപേക്ഷിക്കുന്ന വിദ്യാര്‍ഥിയുടെ കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം 8.5 ലക്ഷം രൂപയില്‍ കവിയരുത്. കോഴ്‌സിന്‍റെ സമ്പൂര്‍ണ കാലയളവിലേക്കാണ് സ്കോളര്‍ഷിപ്പ് തുക നല്‍കുക. സ്കോളര്‍ഷിപ്പിന് അര്‍ഹരായി തെരഞ്ഞെടുക്കപ്പെടുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനങ്ങളിലെ ഫീസ് ഘടന അനുസരിച്ച് 100 ശതമാനം ഫീസും ഒരു ലാപ്‌ടോപും വിദ്യാഭ്യാസത്തിനായി ലഭിക്കും. 

കൂടാതെ അപേക്ഷിച്ചവരില്‍നിന്നും യോഗ്യരായ മുഴുവന്‍ കുട്ടികള്‍ക്കും ഹോസ്റ്റല്‍ ഫീസും മെസ്സ് ഫീസും നല്‍കും. ഹോസ്റ്റലിന് പുറത്ത് പെയിംഗ് ഗസ്റ്റ് പോലുള്ള സൗകര്യങ്ങളാണ് താമസിക്കുന്നത് എങ്കില്‍ അതാത് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റല്‍ ഫീ/മെസി അനുസരിച്ചുള്ള തുക അനവദിക്കപ്പെടും. സ്കോളര്‍ഷിപ്പിന് പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ആര്‍ക്കൊക്കെ അപേക്ഷിക്കാം

ഐഐടികള്‍, എന്‍ഐടി കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ഉള്‍പ്പെടെ എന്‍ഐആര്‍എഫ് റാങ്കിംഗിലെ ഏറ്റവും മികച്ച 50 എഞ്ചിനീയറിംഗ് ക്യാംപസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക ലിങ്കില്‍ നല്‍കിയിട്ടുണ്ട്. ഈ വിദ്യാര്‍ഥികള്‍ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, ടെലികോം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സ്, എമെര്‍ജിംഗ് ടെക്‌നോളജികള്‍ (എഐ, ഐഒടി, എആര്‍/വിആര്‍, മെഷിന്‍ ലേണിംഗ്, റോബോട്ടിക്‌സ്) എന്നീ മേഖലകളില്‍ ബിരുദമോ ഇന്‍റഗ്രേറ്റഡ് കോഴ്‌സുകളോ പഠിക്കുന്നവരായിരിക്കണം. 

ഭാരതി എയര്‍ടെല്ലിന്‍റെ ഈ പ്രത്യേക സ്‌കോളര്‍ഷിപ്പ് നേടിയവര്‍ 'ഭാരതി സ്‌കോളര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം 250 വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കിക്കൊണ്ടാണ് സ്‌കോളര്‍ഷിപ്പ് ആരംഭിക്കുന്നത്. വര്‍ഷം 100 കോടി രൂപയിലധികം ചെലവിട്ടുകൊണ്ട് ഭാവിയില്‍ 4000 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിപുലമായ പരിപാടിയാണ് ഭാരതി എയര്‍ടെല്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. 

എങ്ങനെ അപേക്ഷിക്കാം

എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള എയര്‍ടെല്‍ ഫൗണ്ടേഷന്‍റെ സ്കോളര്‍ഷിപ്പിനെ കുറിച്ചും, ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും, എന്തൊക്കെ രേഖകള്‍ ഹാജരാക്കണമെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് അറിയാവുന്നതാണ്. 

Read more: ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; എന്തൊക്കെ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios