ഹാക്കിംഗിന്‍റെ പേരില്‍ റഷ്യ അമേരിക്കന്‍ പോര്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്‍റന്‍റെ പ്രചാരണ വിഭാഗം ചെയർമാൻ ജോൺ പോഡെസ്റ്റയുടെ ഇമെയിലുകൾ ചോര്‍ന്നത് വിവാദമാകുന്നു. വിക്കിലീക്സ് ആണ് ജോൺ പോഡെസ്റ്റയുടെ ഇ-മെയിലുകള്‍ പുറത്തുവിട്ടത്.
ഹില്ലരിയുടെ സ്വകാര്യ സെർവറിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 350 ഇമെയിലുകൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രസിദ്ധീകരിച്ച അതേദിവസമാണ് പോഡെസ്റ്റയുടെ ഇമെയിലുകൾ പ്രത്യക്ഷപ്പെട്ടത്. 2008–16 കാലയളവിൽ അയച്ച പോഡെസ്റ്റയുടെ രണ്ടായിരത്തോളം ഇമെയിലുകളാണ് വിക്കിലീക്സ് പുറത്തുവിട്ടത്.
എന്നാല്‍ അമേരിക്കന്‍ സുരക്ഷ ഏജന്‍സികള്‍ ഈ ഇ-മെയില്‍ ചോര്‍ച്ചയ്ക്ക് കുറ്റപ്പെടുത്തുന്നത് റഷ്യയെ ആണ്. സിറിയ അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയുമായി ഇടഞ്ഞ റഷ്യ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള ശ്രമം ആണ് ഇതെന്നാണ് അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി വക്താക്കളുടെ വാദം.
അമേരിക്കയെ ലക്ഷ്യമിട്ട് പ്രത്യേക ഹാക്കര്‍ സംഘത്തെ തന്നെ റഷ്യ നിയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം. ലോകത്ത് തന്നെ ഏറ്റവും വിനാശകാരികളായ ഹാക്കര്‍മാര്‍ റഷ്യയില്‍ നിന്നാണ്. എന്നാല്‍ അമേരിക്കയിലെ എത്തിക്കല്‍ ഹാക്കര്‍മാരുടെ സഹായം റഷ്യതേടുന്നു എന്നും അമേരിക്കന്‍ സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ക്ക് സൂചനയുണ്ട്.
നേരത്തെ, ബേണി സാൻഡേഴ്സിനെ ഒതുക്കാൻ പാർട്ടിയുടെ ഉന്നതതലത്തിൽ ഗുഢാലോചന നടന്നുവെന്നു തെളിയിക്കുന്ന ഇമെയിലുകൾ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. ഇത് റഷ്യന്‍ ഹാക്കര്‍മാരാണ് ചോര്‍ത്തിയത് എന്നാണ് അമേരിക്ക പറഞ്ഞത്. എന്നാൽ ബേണി തന്നെ ഹില്ലരിക്കു പിന്തുണയുമായി എത്തിയത് അന്ന് മെയിലുകള്‍ കൂടുതല്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തടയുകയായിരുന്നു.
ദീർഘകാലമായി ഹില്ലരിയുടെ സഹപ്രവർത്തകനായി പ്രവർത്തിക്കുകയാണ് പോഡെസ്റ്റ. 1998–2001 കാലയളവിൽ അന്നത്തെ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫായും അദ്ദേഹം പ്രവർത്തിച്ചിരുന്നതായി വിക്കിലീക്സ് വെബ്സൈറ്റിൽ പറയുന്നു. സൈറ്റിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് കൂടുതൽ ഇമെയിലുകൾ പുറത്തുവിടുമെന്നും വീക്കിലീക്സ് മുന്നറിയിപ്പ് നൽകുന്നു.
എന്നാല്‍ അമേരിക്കന്‍ ആരോപണം റഷ്യ തള്ളി, വിക്കിലീക്സ് ഒരു സ്വതന്ത്ര്യസംഘടനയാണെന്നും അതുമായി റഷ്യയ്ക്ക് യാതോരു ബന്ധമില്ലെന്നും റഷ്യന്‍ വിദേശകാര്യ വക്താവ് മോസ്കോയില്‍ അറിയിച്ചു.