അതിനിർണായകം, വെറും 48 മണിക്കൂര്‍! ഓണ്‍ലൈൻ തട്ടിപ്പിന്‍റെ കെണിയിൽ പെട്ടു പോയോ; ഉടൻ ചെയ്യേണ്ടതെന്ത്, വിവരങ്ങൾ
പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്
തിരുവനന്തപുരം: ഓണ്‍ലൈൻ തട്ടിപ്പുകള്‍ വര്‍ധിച്ച് വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നൽകി പൊലീസ്. തട്ടിപ്പിന് ഇരയായെന്ന് മനസിലായാല്‍ 1930 എന്ന നമ്പറില്‍ ഉടൻ ബന്ധപ്പെടണം. വർധിച്ചു വരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. പൊതു ജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.
കൂടാതെ, പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂറിനുള്ളിൽ) സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആയ 1930 ലേക്ക് വിളിച്ചു പരാതി നൽകിയാൽ തട്ടിപ്പുകാർ പണം പിൻവലിക്കുന്നതിന് മുൻപ് തന്നെ ബാങ്ക് വഴിയും മറ്റും ട്രാൻസാക്ഷൻ ബ്ലോക്ക് ചെയ്യാനാകും. അതായത് പണം നഷ്ടമാകാതിരിക്കാനുള്ള സംവിധാനമാണ് ഇതെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്ന തട്ടിപ്പുകൾ കൂടിവരുകയാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകുകയും, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തട്ടിപ്പുകാർക്ക് ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു.
തുടർന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും മറ്റ് സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്കും കഴിയുന്നു. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk , .exe എന്നീ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഒരുകാരണവശാലും ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. സ്വയം മുൻകരുതൽ സ്വീകരിക്കുന്നത് ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കുമെന്നും ജാഗ്രത വേണമെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...