പറഞ്ഞോളൂ, ഗൂഗിള്‍ ഇനി മലയാളവും കേട്ടെഴുതും!

Harsha Sarath on Google voice to text

Harsha Sarath on Google voice to text

കഴിഞ്ഞ തിങ്കളാഴ്ചയാണ് മലയാളവും ഗൂഗിളിന്റെ വോയിസ് ടൂളുകളില്‍ ഇടം നേടിയത്. ഇനി നമ്മള്‍ സംസാരിക്കുന്നതിനെ ഗൂഗിള്‍ മലയാള അക്ഷരങ്ങളാക്കി തരും.

ജൂണ്‍ 2017 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നാനൂറു മില്യണില്‍ അധികം മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ട് . ഈയൊരു വലിയ വിപണി ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രാദേശിക ഭാഷകളെ കൂടെ വോയ്‌സ് ടു ടെക്‌സ്റ്റ് ടൈപ്പിംഗിലേക്ക് ഗൂഗിള്‍ ഉള്‍പ്പെടുത്തുന്നത്. തീര്‍ച്ചയായും ഇതൊരുപാട് പ്രതീക്ഷ തരുന്ന ടെക്‌നോളജി തന്നെയാണ്. എഴുതാനറിയാത്തവര്‍ക്കും തങ്ങളുടെ പ്രാദേശിക ഭാഷയില്‍ സംസാരിച്ചുകൊണ്ടു ഗൂഗിളില്‍ വിവരങ്ങള്‍ തിരയാം . വാട്‌സാപ്പിലും , ഫേസ്ബുക്കിലും ശബ്ദമല്ലാതെ എഴുത്തുകളായി സന്ദേശങ്ങളയക്കാനും വോയിസ് ടൂളായി മലയാളം കടന്നുവരുമ്പോള്‍ സാധിക്കും .

മലയാളം വോയ്‌സ് ടു ടെക്‌സ്റ്റ് ടൂള്‍ ഉപയോഗിക്കുവാന്‍

ആദ്യം പ്ലേ സ്റ്റോറിലോ/ആപ്പിളിന്റെ (iOS )ആപ്പ് സ്റ്റോറിലോ കയറി ജിബോര്‍ഡ് ഡൌണ്‍ലോഡ് ചെയ്യുക .

അതിനു ശേഷം മൊബൈലിലെ സെറ്റിങ്‌സില്‍ ചെന്ന് ലാംഗ്വേജ് ആന്‍ഡ് ഇന്‍പുട് (Language and input) സെലക്ട് ചെയ്യുക .

ഡീഫോള്‍ട് കീബോര്‍ഡായി ജി ബോര്‍ഡിനെ മാറ്റുക .

ഗൂഗിള്‍ വോയിസ് ടൈപ്പിങ്ങില്‍ ചെന്ന് മലയാളം ഡീഫോള്‍ട് പ്രൈമറി ലാംഗ്വേജ് ആയി ആക്ടിവേറ്റ് ചെയ്യുക .

മലയാളം ഒഴിച്ച് വേറൊരു ഭാഷയും ടിക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം .

ഇനി ഫേസ്ബുക്കിലോ , വാട്‌സാപ്പിലോ കയറി സന്ദേശം അയക്കേണ്ട സ്ഥലത്തു ക്ലിക്ക് ചെയ്യുമ്പോള്‍ നേരെത്തെ ഡീഫോള്‍ട് സെറ്റ് ചെയ്തത് ശരിയായിട്ടുണ്ടെങ്കില്‍ ജി ബോര്‍ഡ് ആയിരിക്കും ഓപ്പണാവുക. അതില്‍ കാണുന്ന മൈക്രോഫോണിന്റെ അടയാളത്തില്‍ അമര്‍ത്തി പിടിച്ചു മലയാളം സംസാരിച്ചുതുടങ്ങാം . അവയെല്ലാം അക്ഷരങ്ങളാവുന്നതും കാണാം .

കൂടുതല്‍ സാദ്ധ്യതകള്‍

കുറഞ്ഞ ചിലവില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്ന ശബ്ദത്തെ ടെക്‌സ്റ്റുകളാക്കി ഡെവലപ്പേഴ്‌സിനു ലഭ്യമാക്കുന്ന പ്ലാറ്റ് ഫോമാണ് 'ക്ലൗഡ് സ്പീച്ച് API'.

പുതുതായി ഉള്‍പ്പെടുത്തുന്ന ഭാഷകളെ 'ക്ലൗഡ് സ്പീച്ച് API' യില്‍ കൂടെ ചേര്‍ക്കുന്നുവെന്നാണ് ഗൂഗിളിന്റെ പത്രക്കുറിപ്പുകള്‍ പറയുന്നത്. ഇത് വരെ 89 ഭാഷകള്‍ ഉണ്ടായിരുന്നിടത്തേക്കാണ് പുതുതായി 8 ഇന്ത്യന്‍ പ്രാദേശിക ഭാഷകളടക്കം 119 ഭാഷകളാക്കി ഉയര്‍ത്തുന്നത് . മൂന്നു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ഓഡിയോ ഫയലുകളെ ടെക്‌സ്റ്റുകളാക്കി മാറ്റാന്‍ ഇതിനാവും .

എളുപ്പത്തില്‍ വിവരിക്കുകയാണെങ്കില്‍ ഒരു ഇന്റര്‍വ്യൂ നടന്നുകൊണ്ടിരിക്കെ തന്നെ സംഭാഷണങ്ങളെ നമുക്കാവശ്യമുള്ള ഭാഷയില്‍ തന്നെ റിപ്പോര്‍ട്ടു ചെയ്യുവാന്‍ ട്രാന്‍സ്ലേഷന്‍ ടൂളുകളുമായി ബന്ധിപ്പിച്ചാല്‍ സാധിക്കും. അതേ പോലെ കാറില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പാട്ടുകള്‍ മാറ്റുവാനും, ഏതു വീഡിയോ പ്ലേ ചെയ്യാനും നമുക്ക് മലയാളത്തില്‍ തന്നെ ഇന്റര്‍നെറ്റ് ക്ലൗഡുമായി ബന്ധിപ്പിച്ച വീഡിയോ ഓഡിയോ ഉപകരണങ്ങളോട് പറയുവാന്‍ കഴിയുന്ന സോഫ്ട് വെയറുകള്‍ വികസിപ്പിച്ചെടുക്കുവാന്‍ ഡെവലപ്പേഴ്‌സിന് ഇത് സഹായകമാകും .

രണ്ടു രാജ്യങ്ങളിരുന്ന് ആളുകള്‍ പരസ്പരം സംവദിക്കുമ്പോള്‍, ഭാഷയെന്ന അതിര്‍വരമ്പുകള്‍ ഇല്ലാതാക്കി നമുക്കറിയുന്ന ഭാഷയില്‍ തന്നെ അയാളുടെ സംസാരവും കേള്‍ക്കുവാന്‍ കഴിയണമെന്നതൊക്കെയാണ് ഈ ടെക്‌നോളജി മുന്നിലേക്ക് വെയ്ക്കുന്ന ഭാവിസാദ്ധ്യതകള്‍ .

നമ്മുടെ നാട്ടിലെ കുറച്ചാളുകളില്‍ നിന്ന് പൊതുവായ വാക്കുകളുടെ ഉച്ചാരണത്തിന്റെ സാമ്പിളുകള്‍ എടുത്തത് റഫെറന്‍സാക്കിയാണ് ഡാറ്റ ബേസ് ഉണ്ടാക്കിയിരിക്കുന്നത് . അതുകൊണ്ടു തുടക്കത്തില്‍ കുറച്ചു ന്യൂനതകളുണ്ടാവാം . കൂടുതല്‍ പ്രാദേശിക ഭാഷകളെ ഉള്‍പ്പെടുത്തി ഭാവിയില്‍ അതെല്ലാം പരിഹരിക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കാം .

തൃശ്ശരോ, തിരുവന്തോരോ, വള്ളുവനാടനോ അങ്ങനെയേത് പ്രാദേശിക സ്ലാംഗിലും പറഞ്ഞാലുമൊക്കെയും മനസിലാവുന്ന, അക്ഷരങ്ങളാക്കി തരുന്ന ടൂളായി ഇത് മാറുമായിരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios