വെനസ്വേലന്‍ സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു
കാരക്കാസ്: ഭരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന വെനസ്വേലയില്‍, സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു. ദി ബൈനറി ഗാർഡിയൻ എന്ന സംഘമാണ് സൈബർ ആക്രമണം നടത്തിയത്. വലൻസ്യാ നഗരത്തിലെ സൈനികതാവളം ആക്രമിച്ചവർക്ക് പിന്തുണ അർപ്പിച്ചാണ് ആക്രമണമെന്ന് സൈറ്റുകളിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ഹാക്കർമാർ പറഞ്ഞു.
വെനസ്വേലൻ സർക്കാരിന്റെ വെബ്സൈറ്റുകൾക്കൊപ്പം നാഷണൽ ഇലക്ട്രൽ കൗണ്‍സിൽ, വെനസ്വേലൻ നേവി വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. സേച്ഛാധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുകയാണെന്ന സന്ദേശവും ഹാക്ക് ചെയ്യപ്പെട്ട സൈറ്റിൽ ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകര പ്രവര്‍ത്തനം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചത്.
മഡുറോയ്ക്കെതിരേ പ്രക്ഷോഭം നടത്തുന്നവർ വലൻസ്യാ നഗരത്തിലെ സൈനികതാവളം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പട്ടാളത്തിൽനിന്ന് ഒളിച്ചോടിയ ലഫ്റ്റനന്റിന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് യൂണിഫോം ധരിച്ച് വലൻസിയ മിലിട്ടറി ആസ്ഥാനം ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്നു സൈന്യം നടത്തിയ റെയ്ഡിൽ രണ്ടു പേർ കൊല്ലപ്പെടുകയും എട്ടു പേർ പിടിയിലാകുകയും ചെയ്തു.