വന്യമൃഗങ്ങള്‍ മനുഷ്യവാസ മേഖലയില്‍ കടക്കുന്നത് നിരീക്ഷിക്കാന്‍ എഐ സാങ്കേതികവിദ്യ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നു
നാഗ്‌പൂര്‍: മനുഷ്യ-വന്യമൃഗ സംഘര്‍ഷം കേരളത്തില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ ചര്‍ച്ചയായ വിഷയമാണ്. കേരളത്തില്‍ മാത്രമല്ല, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 'മാന്‍-ആനിമല്‍ കോണ്‍ഫ്ലിക്റ്റ്' അപകടകരമായി നിലനില്‍ക്കുന്നു. ഇതിനൊരു പരിഹാരം തേടി അലയുകയാണ് വനപ്രദേശങ്ങളോട് ചേര്‍ന്ന് അതിവസിക്കുന്ന മനുഷ്യര്‍. മനുഷ്യ-വന്യമൃഗ സംഘര്‍ഷം കുറയ്ക്കാന്‍ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ചുള്ള ഒരു പരിഹാര മാര്‍ഗം പരിചയപ്പെടാം. മഹാരാഷ്ട്രയിലെ നാഗ്‌പൂര്‍ അടക്കമുള്ള മേഖലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മാന്‍-ആനിമല്‍ കോണ്‍ഫ്ലിക്റ്റിന് പരിഹാരമാകാന്‍ എഐ
മനുഷ്യ-വന്യമൃഗ സംഘര്‍ഷം കുറയ്ക്കാന്‍ എഐയെ ആശ്രയിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വനാതിര്‍ത്തികളോട് ചേര്‍ന്ന് സ്ഥാപിക്കുന്ന ആയിരത്തോളം ക്യാമറകള്‍ വന്യമൃഗ സാന്നിധ്യം തിരിച്ചറിയുകയും പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ഈ പദ്ധതിക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍, മഹാരാഷ്ട്ര അഡ്വാന്‍സ്‌ഡ് റിസര്‍ച്ച് ആന്‍ഡ് വിജിലന്‍സ് ഫോര്‍ എന്‍ഹാന്‍സ്‌ഡ് ലോ എന്‍ഫോഴ്‌സുമെന്‍റുമായി (മാര്‍വല്‍) കരാര്‍ ഒപ്പിട്ടു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഐഐഎം-നാഗ്‌പൂരും ഒരു സ്വകാര്യ ടെക്‌നോളജി കമ്പനിയുമായി ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് മാര്‍വല്‍.
എങ്ങനെയാണ് ഈ എഐ സംവിധാനം പ്രവര്‍ത്തിക്കുക?
മഹാരാഷ്‌ട്രയിലെ തഡോബ മുതല്‍ പെഞ്ച് വരെയുള്ള മേഖലയിലാണ് മാര്‍വല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക. വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കാനായി ഏകദേശം 900 ക്യാമറകളാണ് ഈ മേഖലയില്‍ സ്ഥാപിക്കുക എന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ വ്യക്തമാക്കി. വന്യമൃഗങ്ങളുടെ സാമീപ്യം തിരിച്ചറിയാന്‍ തഡോബ ദേശീയോദ്യാനത്തോട് ചേര്‍ന്ന് ഇതിനകം എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കടുവയോ പുള്ളിപ്പുലിയോ ക്യാമറയില്‍ പതിഞ്ഞാല്‍ ഉടന്‍ ഗ്രാമവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം ലഭിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വന്യമൃഗാക്രമണത്തില്‍ ഒരു മനുഷ്യ ജീവന്‍ പോലും നഷ്‌ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും കര്‍ഷകര്‍ക്ക് യാതൊരു ഭയവുമില്ലാതെ കൃഷി നടത്താനുള്ള സാഹചര്യമൊരുക്കുകയും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ വന്യമൃഗാക്രമണത്തിന്‍റെ വലിയ ഭീഷണിയാണ് നേരിടുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന 'എഐ മോഡല്‍' എത്രത്തോളം വിജയകരമാകുമെന്നും കേരളത്തിലും പ്രായോഗികമായി നടപ്പിലാക്കാവുന്നതാണോ എന്നും കാത്തിരുന്നറിയാം.

