ഗൂഗിള്‍ വിന്‍റ്: ഗൂഗിളിന്‍റെ ഏപ്രില്‍ ഫൂള്‍ വീഡിയോ
ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യങ്ങളിലൊന്നാണ് നെതര്‍ലാന്റെസ്. സാമ്പത്തികമായും സുസ്ഥിരതമായതുമായ രാജ്യം. വര്‍ഷത്തില്‍ നല്ലൊരു ഭാഗവും കനത്ത മഴ ലഭിക്കുന്ന നെതര്‍ലെന്‍റുകാര്‍ക്ക് ഉറക്കെമഴുന്നേറ്റ് കര്‍ട്ടന്‍ പാളികള്‍ നീക്കുമ്പോള്‍ സൂര്യകിരണങ്ങള്‍ അരിച്ചിറങ്ങുന്നത് കാണാന്‍ സാധിക്കുന്നില്ല എന്ന പരാതിയെ പരിഹരിക്കാനാണ് ഗൂഗിള്‍ വിന്‍റ് എന്ന പുതിയ സാങ്കേതികവിദ്യയുമായി മുന്നോട്ട് വരുന്നത്. ഹോളണ്ടില്‍ പ്രവര്‍ത്തിക്കുന്ന കാറ്റാടിമില്ലുകള്‍ ഉപയോഗിച്ച് ഈ ഉദ്യമം സാധ്യമാക്കുമെന്നും ഗൂഗിള്‍ മാര്‍ച്ച് 31ന് പുറത്ത് വിട്ട വീഡിയോയില്‍ അവകാശപ്പെടുന്നു.
കാറ്റാടി മില്ലുകളെ മോട്ടര്‍ ഉപയോഗിച്ച് കറക്കി ആകാശത്തിലെ മഴമേഘങ്ങളെ പറപറപ്പിക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കാര്‍മേഘങ്ങളെ എത്തിച്ച് മഴപെയ്യിക്കാനുള്ള സൗകര്യം വരെയുണ്ടെന്ന് ഗൂഗിള്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോ കണ്ട് ആരും തന്നെ ആശ്ചര്യപെടണ്ടതില്ല എന്നാണ് ടെക്കികളുടെ അഭിപ്രായം.
എല്ലാ വര്‍ഷവും മാര്‍ച്ച് മാസം അവസാനം ആരാധകരെ പറ്റിക്കാന്‍ ഇത്തരം വിചിത്ര ആശയങ്ങളുമായി ഗൂഗിള്‍ രംഗത്ത് വരാറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ത്രീഡി കാഴ്ച്ചകള്‍ കാണാനായി കാര്‍ഡ്‌ബോര്‍ഡ് വിആര്‍ ഗ്ലാസുകള്‍, ആംഗ്യങ്ങളിലൂടെ നിയന്ത്രിക്കാവുന്ന ജിമെയില്‍ അക്കൗണ്ട് എന്നിങ്ങനെ വട്ടന്‍ ആശയങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഇതു അത്തരം ഏപ്രില്‍ ഫൂള്‍ ആഘോഷത്തിന്റെ ഭാഗമാണെന്നാണ് ടെക്കികള്‍ പറയുന്നത്.