പതിനായിരം ഇന്ത്യന്‍ സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക് ഗൂഗിളിന്‍റെ ലോട്ടറി; എഐ രംഗത്ത് പങ്കാളിത്തം

എഐയെ ഏറ്റവും മികച്ചതായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കുക ഗൂഗിളിന്‍റെ ലക്ഷ്യം

Google is working with MeitY Startup Hub to train 10000 startups in AI

ബെംഗളൂരു: ഇന്ത്യന്‍ ഡവലപ്പര്‍മാര്‍ക്കും സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്കുമായി പുത്തന്‍ എഐ പോഗ്രാമുകള്‍ അവതരിപ്പിച്ച് ടെക് ഭീമന്‍മാരായ ഗൂഗിള്‍. ഒരുപിടി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകളും പോഗ്രാമുകളും പങ്കാളിത്ത പദ്ധതികളുമാണ് ഗൂഗിള്‍ ബുധനാഴ്‌ച അവതരിപ്പിച്ചത്. എഐ രംഗത്ത് പുതിയ വിപ്ലവത്തിന് ഇത് തുടക്കം കുറിക്കും എന്നാണ് ഗൂഗിളിന്‍റെ അനുമാനം. എഐ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രാപ്‌തിയുള്ള രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ ഗൂഗിള്‍ കണക്കാക്കുന്നത്.  

ഗൂഗിള്‍ 'ഡവലപ്പർ കോൺഫറൻസ് ബെംഗളൂരു 2024'ല്‍ വച്ചാണ് ഗൂഗിള്‍ എഐ രംഗത്ത് ഏറെ പ്രധാന്യമുള്ള പരിപാടികള്‍ പ്രഖ്യാപിച്ചത്. എഐയില്‍ 10,000 സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പരിശീലനം നല്‍കാനുള്ള പരിപാടിയാണ് ഇതിലൊന്ന്. ജെമിനി, ഗെമ്മാ തുടങ്ങിയ എഐ മോഡലുകളിലേക്ക് ഇവര്‍ക്ക് കൂടുതല്‍ പ്രവേശനം ലഭിക്കും. നിലവില്‍ 15 ലക്ഷത്തിലധികം ഡവലപ്പര്‍മാര്‍ ആഗോളതലത്തില്‍ ടൂളുകളില്‍ ജെമിനി മോഡലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ എഐ സ്റ്റുഡിയോയില്‍ ഏറ്റവും വലിയ ഡവലപ്പേര്‍സ് ബേസുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് ഇന്ത്യയില്‍ നിന്ന് പുതിയ ലാംഗ്വേജ് ടൂളുകള്‍ വരുന്നതാണ് മറ്റൊരു പ്രഖ്യാപനം. എഐ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ ടൂളുകള്‍. 

എഐയില്‍ ഗൂഗിള്‍ ഒരു പതിറ്റാണ്ടിലേറെയായി നിക്ഷേപം നടത്തുന്നുണ്ട്. എഐയെ ഏറ്റവും മികച്ചതായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കുക ഗൂഗിളിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇന്ത്യന്‍ ആവശ്യത്തിന് മാത്രമല്ല, ആഗോളതലത്തില്‍ തന്നെ എഐയുടെ ഭാവി നിശ്ചയിക്കുന്നതിന് ഇത് നിര്‍ണായകമാണ് എന്നും ഗൂഗിള്‍ വൈസ് പ്രസിഡന്‍റ് അംഭരീക്ഷ് കെന്‍ഗെ പറഞ്ഞു. MeitY Startup Hub വഴിയാണ് ഗൂഗിള്‍ പതിനായിരം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എഐയില്‍ പരിശീലനം ചെയ്യുന്നത്. മള്‍ട്ടിമോഡല്‍, ബഹുഭാഷ, മൊബൈല്‍ എന്നീ രംഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഗൂഗിള്‍ ഇന്ത്യന്‍ ഡവലപ്പര്‍മാരെ എഐ മേഖലയില്‍ സഹായിക്കുന്നത്. 

Read more: ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പുത്തന്‍ ഫീച്ചർ, എഡിറ്റിംഗ് സിംഹങ്ങള്‍ക്ക് ചാകര; ഒരൊറ്റ റീലില്‍ 20 പാട്ട് വരെ ഇടാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios