ഗൂഗിള്‍ പ്ലസ് അടച്ച്പൂട്ടാന്‍ തീരുമാനിച്ച് ഗൂഗിള്‍
ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആൻഡ് ഡേറ്റ പ്രൊട്ടക്ഷൻ ഓഫീസറുടെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു
ന്യൂയോർക്ക്: ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിന്റെ സോഷ്യൽ മീഡിയ നെറ്റ്വർക്കായ ഗൂഗിൾ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. തേർഡ് പാർട്ടികൾക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോർത്താൻ കഴിയുംവിധമുള്ള സുരക്ഷ വീഴ്ച കണ്ടെത്തിയതോടെയാണ് ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ തീരുമാനം എന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സോഫ്റ്റ്വെയർ 'ബഗ്' കണ്ടെത്തിയതിനെ തുടർന്നാണ് ഗൂഗിള്‍ തീരുമാനം എടുത്തത്. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന "ബഗ്' കടന്നുകൂടിയത് മാർച്ചിൽ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാൽ പ്രശ്നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നു പുറത്തുവിട്ടിരുന്നില്ല.
ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആൻഡ് ഡേറ്റ പ്രൊട്ടക്ഷൻ ഓഫീസറുടെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2011ലാണ് ഏറെ കൊട്ടിഘോഷിച്ച് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. ഫേസ്ബുക്കിനെ പിടിച്ചുക്കെട്ടാൻ വേണ്ടിയാണ് ഗൂഗിൾ പ്ലസ് ആരംഭിച്ചത്. എന്നാൽ ഉപയോക്താക്കളും മുൻനിര ബിസിനസ് സ്ഥാപനങ്ങളും ഗൂഗിൾ പ്ലസിനു വേണ്ടത്ര സ്ഥാനം നൽകിയില്ല.