ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ജാഗ്രതൈ! ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ സാധ്യത; ക്രോമില്‍ ഏറെ പഴുതുകള്‍

ഗൂഗിള്‍ ക്രോം യൂസര്‍മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്, നിരവധി പിഴവുകള്‍ കണ്ടെത്തി 

google chrome users in india under high risk government issues warning

ദില്ലി: ലോകത്ത് ഏറ്റവും പ്രചാരമുള്ള വെബ്‌ ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഏറെ സുരക്ഷാ പിഴവുകള്‍. ദശലക്ഷക്കണക്കിന് ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ബ്രൗസിംഗിന് ആശ്രയിക്കുന്ന ക്രോമില്‍ നിരവധി സുരക്ഷാ പിഴവുകള്‍ നിലനില്‍ക്കുന്നതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

പ്രശ്‌നം ഏതൊക്കെ ക്രോമുകളില്‍

കോടിക്കണക്കിന് ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ബ്രൗസറാണ് ഗൂഗിളിന്‍റെ ക്രോം. എന്നാല്‍ ഉപഭോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറാന്‍ ഹാക്കര്‍മാരെ അനുവദിക്കുന്ന ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ ക്രോമിലുണ്ട് എന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പില്‍ പറയുന്നു. ക്രോമിന്‍റെ 130.0.6723.116നും 130.0.6723.116/.117നും മുമ്പുള്ള വേര്‍ഷനുകളിലാണ് സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയത്. വിന്‍ഡോസ്, മാക്, ലിനക്സ് പ്ലാറ്റ്ഫോമുകളിലെ യൂസര്‍മാരെ ബാധിക്കുന്ന പ്രശ്നമാണിത്. ക്രോമിലെ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറുമെന്നും, രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ വരെ ചൂണ്ടുമെന്നും, ഡിഒഎസ് ആക്രമണത്തിന് ശ്രമിക്കുമെന്നും, ബ്രൗസറിലെ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ക്രോം ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.  

എങ്ങനെ പ്രശ്‌നത്തെ മറികടക്കാം? 

ബ്രൗസറില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമിച്ചുവരികയാണെങ്കിലും ക്രോം അപ‌ഡേറ്റുകള്‍ കൃത്യമായി പല യൂസര്‍മാരും ചെയ്യാത്തതാണ് ഹാക്കര്‍മാര്‍ക്ക് തണലേകുന്നത്. ക്രോമിന്‍റെ കാലപ്പഴക്കം ചെന്ന വേര്‍ഷനുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് സുരക്ഷാ പിഴവുകളിലേക്ക് നയിക്കും. അപ്‌ഡേറ്റഡ് അല്ലാത്ത ബ്രൗസറുകളെയാണ് ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുക. ഇത്തരം സങ്കീര്‍ണ പ്രശ്നങ്ങളെ മറികടക്കാന്‍ ക്രോമിന്‍റെ ഏറ്റവും പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ ചെയ്യുന്നത് സഹായകമാകും. ഏറ്റവും പുതിയ ക്രോം വേര്‍ഷന്‍ ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണ സാധ്യത കുറയ്ക്കുകയും ഡാറ്റ സുരക്ഷിതമാക്കുകയും ചെയ്യും. 

Read more: ബിഎസ്എന്‍എല്‍ വേറെ ലെവല്‍; വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം, രജിസ്ട്രേഷന്‍ തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios