വിദേശ തൊഴില്‍ വീസകള്‍ വിലക്കി; അമേരിക്കയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് ഗൂഗിള്‍ മേധാവി
അമേരിക്കയുടെ സാമ്പത്തിക പുരോഗതിയില്‍ കുടിയേറ്റക്കാര്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.ഗൂഗിളിനെ ടെക് മേഖലയില്‍ വലിയ നേട്ടങ്ങളിലെത്തിച്ചതില്‍ കുടിയേറ്റക്കാര്‍ കാരണമായിട്ടുണ്ടെന്നും സുന്ദര്‍ പിച്ചൈ
ന്യൂയോര്‍ക്ക്: വിദേശ തൊഴിൽ വീസകൾക്ക് ഈ വർഷം മുഴുവൻ വിലക്കേർപ്പെടുത്തി അമേരിക്കയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈ. കുടിയേറ്റക്കാര്‍ക്കൊപ്പമാണ് താനുള്ളതെന്നും എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നതാണ് തന്‍റെ നിലപാടെന്നും സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു. അമേരിക്കയുടെ സാമ്പത്തിക പുരോഗതിയില്‍ കുടിയേറ്റക്കാര്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.ഗൂഗിളിനെ ടെക് മേഖലയില്‍ വലിയ നേട്ടങ്ങളിലെത്തിച്ചതില്‍ കുടിയേറ്റക്കാര്‍ കാരണമായിട്ടുണ്ടെന്നും സുന്ദര്‍ പിച്ചൈ പ്രതികരിച്ചു. പുതിയ തീരുമാനത്തില്‍ നിരാശയുണ്ടെന്നും സുന്ദര്‍ പിച്ചൈ പറയുന്നു.
പുതിയ നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍ വംശീയതയാണ് കാരണമെന്നും ട്രംപ് ഭരണകൂടത്തിന്‍റെ പരാജയം മറച്ച് വയ്ക്കാനുള്ള ശ്രമമാണ് കാരണമെന്നും നിരവധിപ്പേരാണ് വിമര്‍ശിക്കുന്നത്. അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1B വീസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള H2B വീസകൾ, കമ്പനി മാറ്റത്തിനുള്ള L1 വീസകൾ എന്നിവ വിലക്കിയുള്ള സുപ്രധാന ഉത്തരവിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടത്.
ഇപ്പോൾ അമേരിക്കയിലുള്ളവർക്ക് വിലക്ക് ബാധകമല്ലെന്ന് വിശദമാക്കിയാണ് ഉത്തരവ്. ഈ മാസംവരെ വിസകൾ വിലക്കി നേരത്തെ പ്രസിഡന്‍റ് ട്രംപ് ഉത്തരവിട്ടിരുന്നു. ഈ വിലക്ക് ഈ വർഷം മുഴുവൻ നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവാണ് ഇപ്പോൾ വന്നത്. കൊവിഡ് 19 വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായാണ് നീക്കമെന്നാണ് ട്രംപ് ഭരണകൂടം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.