ഫേസ്ബുക്കും, ഗൂഗിളും സൈബര്‍ തട്ടിപ്പില്‍ പെട്ടു; നഷ്ടപ്പെട്ടത് 640 കോടി
കാലിഫോര്‍ണിയ: 2013 ല്‍ സൈബര്‍ തട്ടിപ്പില്‍ പെട്ട് 640 കോടി നഷ്ടപ്പെട്ട കമ്പനികള്‍ ഗൂഗിളും, ഫേസ്ബുക്കുമാണെന്ന് വ്യക്തമായി. ഇവാല്‍ഡസ് റിമാസോസ്‌കാസ് എന്ന ലിത്വാനിയക്കാരന്‍ ഒറ്റയ്ക്ക് 10 കോടി ഡോളറാണ് വമ്പന്‍മാരെ പറ്റിച്ച് പണം കൈക്കലാക്കിയത്. ഇന്നത്തെ വിനിമയ മൂല്യം അനുസരിച്ച് 640 കോടിയലധികം വരും തട്ടിപ്പ് തുക.
ഗൂഗിളിലെയും ഫെയ്‌സ്ബുക്കിലേയും ജീവനക്കാരെ പറ്റിച്ച് പണം തന്‍റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഇവാല്‍ഡസ് ചെയ്തത്. ലാത്വിയ, സൈപ്രസ്, സ്ലൊവാക്യ, ലിത്വാനിയ, ഹംഗറി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിരുന്നു ഇവാല്‍ഡസിന്‍റെ അക്കൗണ്ടുകള്‍. ഇതിന് വേണ്ടി സ്വന്തമായി ഒരു ഏഷ്യന്‍ ഇലക്രോണിക്‌സ് കമ്പനി ഇവാല്‍ഡസ് കൃത്രിമമായി സൃഷ്ടിച്ചെടുത്തു.
കമ്പനിയുടെ പേരില്‍ ഇമെയിലുകളും ഇന്‍വോയിസുകളും അയച്ചുകൊടുത്തുകൊണ്ടിരുന്നു. അമേരിക്കന്‍ കോടതി ഇവാല്‍ഡസ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 2013ലാണ് തട്ടിപ്പ് നടന്നതെങ്കിലും പറ്റിക്കപ്പെട്ട കമ്പനികളേതാണെന്ന് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
ഒരു ബഹുരാഷ്ട്ര ടെക് കമ്പനിയും ബഹുരാഷ്ട്ര സോഷ്യല്‍ മീഡിയ കമ്പനിയുമാണ് തട്ടിപ്പിനിരയായതെന്ന് മാത്രമാണ് ഇതുവരെ കോടതി സൂചിപ്പിച്ചിരുന്നത്. ഫോര്‍ച്യുണ്‍ മാസിക നടത്തിയ അന്വേഷണത്തില്‍ പറ്റിക്കപ്പെട്ടത് തങ്ങളാണെന്ന് ഗൂഗിളും ഫെയ്‌സ്ബുക്കും സ്ഥിരീകരിക്കുകയായിരുന്നു.