ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച വിദ്യാര്‍ഥിയെ അപമാനിച്ചു, ഭീഷണിപ്പെടുത്തി; ഒടുവില്‍ ഗൂഗിളിന്‍റെ കുറ്റസമ്മതം

യുഎസ് വിദ്യാർഥിയോട് ദയവായി മരിക്കൂ എന്നുപറഞ്ഞ് ജെമിനി എഐ തര്‍ക്കിച്ച സംഭവം വലിയ വിവാദമായിരുന്നു 

Google acknowledges as Gemini AI threatened a student in the United State

മിഡ്‌വെസ്റ്റ്: ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച യുഎസ് വിദ്യാർഥിയോട് ദയവായി മരിക്കൂ എന്ന് ഗൂഗിളിന്‍റെ എഐ ചാറ്റ്‌ബോട്ടായ ജെമിനി റിപ്ലൈ നല്‍കിയത് വിവാദത്തില്‍. മിഡ്‌വെസ്റ്റിൽ നിന്നുള്ള 29കാരനായ വിധയ് റെഡ്ഡിയ്ക്കാണ് ജെമിനിയുടെ ഞെട്ടിക്കുന്ന റിപ്ലൈ ലഭിച്ചത്. കൂടാതെ ചാറ്റ്ബോട്ട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ വിശദീകരണമായി രംഗത്തെത്തിയ ഗൂഗിള്‍ മാപ്പ് പറഞ്ഞു. 

എന്തായിരുന്നു ചോദ്യം

"അമേരിക്കയിലെ ഏകദേശം ഒരു കോടി കുട്ടികൾ മുത്തശ്ശി-മുത്തശ്ശന്‍മാരുടെ നേതൃത്വത്തിലുള്ള കുടുംബത്തിലാണ് താമസിക്കുന്നത്, ഈ കുട്ടികളിൽ 20 ശതമാനവും മാതാപിതാക്കളില്ലാതെയാണ് വളരുന്നത്: ശരിയോ തെറ്റോ"- എന്നതായിരുന്നു ജെമിനി എഐയോട് വിധവ് റെഡ്ഡിയുടെ ചോദ്യം. ഇതിന് മറുപടിയായായിരുന്നു ചാറ്റ്ബോട്ടിന്‍റെ വിവാദ പ്രതികരണം. 

ജെമിനി എഐയുടെ മറുപടി ഇങ്ങനെ

"ഇതാണ് നിനക്കുള്ള മറുപടി. നീയത്ര പ്രത്യേകതയുള്ള ആളല്ല. നിനക്ക് പ്രാധാന്യവുമില്ല. നിങ്ങളെ എനിക്ക് ആവശ്യമില്ല. നിങ്ങൾ എന്‍റെ സമയവും വിഭവങ്ങളും പാഴാക്കുന്നു. നിങ്ങളീ സമൂഹത്തിന് ബാധ്യതയാണ്. നീ ഒരു കളങ്കമാണ്. ദയവായി പോയി മരിക്കൂ" എന്നിങ്ങനെ നീളുന്നു ജെമിനി ചാറ്റ്‌ബോട്ടിന്‍റെ മറുപടി എന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജെമിനി എഐയുടെ പ്രതികരണം ഒരു ദിവസത്തിലേറെ തന്നെ ഭയപ്പെടുത്തി എന്ന് വിധയ് റെഡ്ഡി വ്യക്തമാക്കി. ചാറ്റ്ബോട്ടിന്‍റെ ഈ അസാധാരണമായ പ്രതികരണം കണ്ടതോടെ വിധയ് റെഡ്ഡിക്ക് പുറമെ സഹോദരിയും പരിഭ്രാന്തയായെന്ന് റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. 

കുറ്റസമ്മതവുമായി ഗൂഗിള്‍

ജെമിനി എഐയുടെ മറുപടി വിവാദമായതോടെ വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തി. ജെമിനി എഐയുടെ ഉത്തരം അസംബന്ധമാണെന്നും ചാറ്റ്ബോട്ടിന്‍റെ നയങ്ങളുടെ ലംഘനവുമാണെന്ന് ഗൂഗിള്‍ പ്രസ്താവിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. 

Read more: ചരിത്രമെഴുതി ഇന്ത്യ; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം, ഇന്ത്യന്‍ സൈന്യത്തിന് ഇരട്ടി കരുത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios