ഇന്ത്യയുടെ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ 'കൂ' വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ഫ്രെഞ്ച് ഹാക്കര്‍
മുപ്പത് മിനിറ്റോളം കൂ ഉപയോഗിച്ചെന്നും ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഉപയോക്താവിന്‍റെ വളരെ നിര്‍ണായകമായ വ്യക്തിവിവരങ്ങള്‍ കൂ ചോര്‍ത്തുന്നത് കണ്ടെത്തിയെന്നുമാണ് ആരോപണം
ട്വിറ്ററിന് സമാനമായ ഇന്ത്യയുടെ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ 'കൂ' ഡാറ്റകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ഫ്രെഞ്ച് ഹാക്കര്‍. ഫ്രെഞ്ച് സെക്യൂരിറ്റി റിസര്‍ച്ചറായ റോബര്‍ട്ട് ബാപ്റ്റിസ്റ്റിയാണ് രൂക്ഷമായ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. എലിയട്ട് ആല്‍ഡേഴ്സണ്‍ എന്നപേരിലാണ് റോബര്‍ട്ട് ട്വിറ്റര്‍ ഉപയോഗിക്കുന്നത്. 'കൂ' ആപ്പ് ലഭ്യമായതിന് പിന്നാലെ നിരവധി ട്വിറ്റര്‍ ഉപയോക്താക്കളുടെ ആവശ്യപ്രകാരമാണ് റോബര്‍ട്ട് കൂ ഉപയോഗിച്ചത്. മുപ്പത് മിനിറ്റോളം കൂ ഉപയോഗിച്ചെന്നും ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഉപയോക്താവിന്‍റെ വളരെ നിര്‍ണായകമായ വ്യക്തിവിവരങ്ങള്‍ കൂ ചോര്‍ത്തുന്നത് കണ്ടെത്തിയെന്നുമാണ് റോബര്‍ട്ടിന്‍റെ ആരോപണം.
ഇമെയില്‍ വിലാസം, ലിംഗം, പേരുകള്‍ അടക്കമുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തുന്നതില്‍ ഉള്‍പ്പെടുമെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തന്‍റെ കണ്ടെത്തലുകള്‍ നിരവധി ട്വീറ്റുകളിലൂടെ റോബര്‍ട്ട് ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ചില ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം നിരാകരിച്ചതിന് പിന്നാലെയാണ് 'കൂ' വിന് ഇന്ത്യയില്‍ പ്രചാരമേറിയത്. കൂവില്‍ നിന്ന് വ്യക്തി വിവരങ്ങള്‍ ലഭിക്കുകയെന്നത് തനിക്ക് വളരെ നിസാരമായി സാധിച്ചുവെന്നാണ് ആപ്പിനേക്കുറിച്ച് റോബര്‍ട്ടിന്‍റെ നിരീക്ഷണം. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അടക്കമുള്ളവര്‍ മൈക്രോബ്ലോഗിംഗ് സെറ്റായ കൂവിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അടുത്തിടെ ട്വിറ്ററില്‍ കൂവിലേക്കുള്ള ക്ഷണവും മന്ത്രി പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ട്വിറ്ററിന് സമാനമായ അനുഭവം കൂ നല്‍കുന്നുവെന്നായിരുന്നു മന്ത്രി വിശദമാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ ആത്മ നിര്‍ഭര്‍ ഭാരത് ഇന്നോവേറ്റ് ചലഞ്ചിനുള്ള കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡും കൂ നേടിയിരുന്നു. അപ്രമേയ രാധാകൃഷ്ണ എന്നയാളാണ് കൂവിന്‍റെ നിര്‍മ്മാണത്തിന് പിന്നില്‍. എന്നാല്‍ റോബര്‍ട്ടിന്‍റെ അവകാശവാദങ്ങളെ അപ്രമേ രാധാകൃഷ്ണ തള്ളി. ഉപയോക്താക്കള്‍ സ്വമേധയാ പ്രൊഫൈലില്‍ കാണിച്ച വിവരങ്ങള്‍ മാത്രമാണ് റോബര്‍ട്ടിന് ലഭ്യമായതെന്നാണ് അപ്രമേയ രാധാകൃഷ്ണയുടെ വാദം. എന്നാല്‍ ഈ വാദം നുണയാണെന്ന് റോബര്‍ട്ട് വ്യക്തമാക്കിയതിന് തങ്ങള്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയാണെന്നും. അതിനുള്ള സഹായങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും സഹായിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ബന്ധപ്പെടാമെന്നും അപ്രമേയ രാധാകൃഷ്ണ മറുപടി നല്‍കിയിട്ടുണ്ട്.