Asianet News MalayalamAsianet News Malayalam

തമിഴ്‌നാട്ടില്‍ 8000 കോടിയിലേറെ രൂപയുടെ കൂടി നിക്ഷേപത്തിന് ഫോക്‌സ്‌കോണ്‍; ഡിസ്‌പ്ലെ യൂണിറ്റിനായി ശ്രമം

ഇന്ത്യയില്‍ ആപ്പിളിന്‍റെ ഐഫോണുകള്‍ അസ്സെംബിള്‍ ചെയ്യുന്ന കമ്പനികളിലൊന്നാണ് ഫോക്‌സ്കോണ്‍

Foxconn plans a 1 billion dollor display assembly unit in Tamil Nadu Report
Author
First Published Sep 25, 2024, 12:55 PM IST | Last Updated Sep 25, 2024, 12:58 PM IST

ചെന്നൈ: തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ തമിഴ്‌നാട്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ (8000 കോടിയിലേറെ രൂപ) മുതല്‍മുടക്കില്‍ സ്‌മാര്‍ട്ട്ഫോണ്‍ ഡിസ്‌പ്ലെ അസ്സെംബിള്‍ യൂണിറ്റ് തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ കമ്പനിയുടെ ആദ്യ സംരംഭത്തിനാണ് ഫോക്‌സ്‌കോണ്‍ പദ്ധതിയിടുന്നതെന്ന് ഇക്കണോമിക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിളിന് പുറമെ മറ്റ് ബ്രാന്‍ഡുകള്‍ക്കും രാജ്യത്ത് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ സഹായം നല്‍കാനാണ് പുതിയ സംരംഭത്തിലൂടെ ഫോക്‌സ്‌കോണിന്‍റെ ആലോചന. 

ഇന്ത്യയില്‍ ആപ്പിളിന്‍റെ ഐഫോണുകള്‍ അസ്സെംബിള്‍ ചെയ്യുന്ന കമ്പനികളിലൊന്നാണ് ഫോക്‌സ്കോണ്‍. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് ഐഫോണുകള്‍ക്കായുള്ള ഫോക്‌സ്കോണ്‍ ഫാക്ടറിയുള്ളത്. ഇതിന് പുറമെയാണ് സ്‌മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലെകള്‍ അസ്സെംബിള്‍ ചെയ്യാനുള്ള ഒരു യൂണിറ്റ് കൂടി തമിഴ്നാട്ടില്‍ ആരംഭിക്കാന്‍ ഫോക്‌സ്കോണ്‍ പദ്ധതിയിടുന്നത്. ലോഞ്ച് തിയതി വ്യക്തമല്ലെങ്കിലും എത്രയും വേഗം യൂണിറ്റ് തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. ചെന്നൈയിലെ ഐഫോണ്‍ അസ്സെംബിള്‍ യൂണിറ്റിന് തൊട്ടരികെ അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് സൗകര്യം ഡിസ്‌പ്ലെ അസ്സെംബിള്‍ യൂണിറ്റിനായി ഫോക്‌സ്‌കോണ്‍ ഏറ്റെടുത്തതായി കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കണോമിക്‌സ് ടൈംസിനോട് പറഞ്ഞു. 

തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയിലെ ബിസിനസ് വളര്‍ത്താനുള്ള ശ്രമങ്ങളിലാണ്. ഐഫോണുകള്‍ക്ക് പുറമെ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളും അസ്സെംബിള്‍ ചെയ്യാന്‍ തമിഴ്നാട്ടിലെ യൂണിറ്റില്‍ ഫോക്‌സ്‌കോണ്‍ ഒരുങ്ങുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക് വെഹിക്കിള്‍സ്, ബാറ്ററീസ്, സെമികണ്ടക്‌ടര്‍ മേഖലകളില്‍ രാജ്യത്ത് മുതല്‍മുടക്കാന്‍ കമ്പനി താല്‍പര്യപ്പെടുന്നുണ്ട്. ഫോക്‌സ്‌കോണിന്‍റെ പുതിയ ഡിസ്‌പ്ലെ അസ്സെംബിള്‍ യൂണിറ്റിന് ചൈനീസ് ഡിസ്പ്ലെകളുടെ ഇറക്കുമതി കുറയ്ക്കാനും രാജ്യത്ത് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കാനുമായേക്കും. ആപ്പിള്‍ ചൈനയെ ഒഴിവാക്കി ഇന്ത്യയെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യവും നിലവിലുണ്ട്. 

Read more: ഇനി 'മെയ്‌ഡ് ഇന്‍ ഇന്ത്യ' ഐഫോണ്‍ 16 പ്രോ മോഡലുകള്‍; ഇന്ത്യയില്‍ ആദ്യമായി നിര്‍മാണം; വില കുറയുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios