നിങ്ങളുടെ ഫോട്ടോകളിൽ ദൃശ്യമാകുന്ന മുഖങ്ങൾ, ഫ്രെയിമിലെ വസ്തുക്കൾ, അവ എടുത്ത തീയതി, സ്ഥലം തുടങ്ങി മെറ്റാഡാറ്റ പോലും മെറ്റാ എഐ നിരന്തരം വിശകലനം ചെയ്യും
ദില്ലി: ഫേസ്ബുക്കും മാതൃകമ്പനിയായ മെറ്റയും സ്വകാര്യതയുടെ പേരിൽ പലപ്പോഴും വിവാദത്തിൽ അകടപ്പെടാറുണ്ട്. കമ്പനി തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകളെ പരിശീലിപ്പിക്കാൻ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പബ്ലിക്കായി പങ്കിടുന്ന ഫോട്ടോകൾ ഉപയോഗിക്കുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ കൂടുതൽ ഞെട്ടിക്കുന്നതാണ്. ഇപ്പോൾ നിങ്ങളുടെ ഫോണിന്റെ ക്യാമറ റോളിലേക്കും അതായത്, നിങ്ങൾ സോഷ്യൽ മീഡിയയിൽ ഒരിക്കലും പങ്കിടാത്ത ഫോട്ടോകളിലേക്കും ഫേസ്ബുക്കിന് ആക്‌സസ് ആവശ്യമാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ടെക്ക്രഞ്ച് റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ദ വെർജിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ചില ഫേസ്ബുക്ക് ഉപയോക്താക്കൾ ഒരു സ്റ്റോറി അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പുതിയ പോപ്പ്അപ്പ് അറിയിപ്പ് ലഭിച്ചു. ഈ അറിയിപ്പ് ക്ലൗഡ് പ്രോസസിംഗ് എന്ന പുതിയ ഫീച്ചർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകി. ഈ ഫീച്ചർ നിങ്ങളുടെ ക്യാമറ റോളിൽ നിന്ന് മെറ്റയുടെ ക്ലൗഡിലേക്ക് ഫോട്ടോകൾ പതിവായി അപ്‌ലോഡ് ചെയ്യും. ഇത് ഉപയോക്താക്കൾക്ക് ഫോട്ടോ കൊളാഷുകൾ, ഇവന്റ് റീക്യാപ്പുകൾ, AI- ജനറേറ്റഡ് ഫിൽട്ടറുകൾ, ജന്മദിനങ്ങൾ/ബിരുദദാനങ്ങൾ പോലുള്ള തീം അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവ പോലുള്ള ക്രിയേറ്റീവ് ആശയങ്ങൾ നൽകും.
ഒറ്റനോട്ടത്തിൽ, ഇത് ന്യായവും സുരക്ഷിതവുമാണെന്ന് തോന്നും. പക്ഷേ ഇതിനു പിന്നിൽ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. അതായത് ഈ സവിശേഷതയ്ക്ക് നിങ്ങൾ സമ്മതം നൽകുകയാണെങ്കിൽ, നിങ്ങളുടെ വ്യക്തിപരവും പൊതുവിടത്തിൽ ഇതുവരെ പങ്കിടാത്തതുമായ ഫോട്ടോകൾ സ്‍കാൻ ചെയ്യാനും വിശകലനം ചെയ്യാനും നിങ്ങൾ മെറ്റായ്ക്ക് അശ്രദ്ധമായി അനുമതി നൽകുകയാണ്. ഇതിനർത്ഥം നിങ്ങളുടെ ഫോട്ടോകളിൽ ദൃശ്യമാകുന്ന മുഖങ്ങൾ, ഫ്രെയിമിലെ വസ്തുക്കൾ, അവ എടുത്ത തീയതി, സ്ഥലം തുടങ്ങി മെറ്റാഡാറ്റ പോലും മെറ്റാ എഐ നിരന്തരം വിശകലനം ചെയ്യും എന്നാണ്.
അതേസമയം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ ഫീച്ചർ എന്നും നിങ്ങൾക്ക് ഇഷ്ടാനുസരണം ഓണാക്കാനോ ഓഫാക്കാനോ കഴിയുന്ന ഒരു "ഓപ്റ്റ്-ഇൻ" ഫീച്ചറാണ് ഇതെന്നും ആണ് മെറ്റാ വാദിക്കുന്നത്. അതായത് ഉപയോക്താക്കൾക്ക് ഇഷ്ടമുള്ളപ്പോൾ ഇത് പ്രവർത്തനരഹിതമാക്കാം. അത് ന്യായമാണെങ്കിലും പക്ഷേ ഇത് ഉപയോക്തൃ ഡാറ്റയാണെന്നും ഫേസ്ബുക്കിന്റെ ചരിത്രം കണക്കിലെടുക്കുമ്പോൾ, ചില ഉപയോക്താക്കൾ പ്രത്യേകിച്ചും സ്വകാര്യതാ വക്താക്കൾ ആശങ്കാകുലരായിരിക്കും.
2007 മുതൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യമായി പോസ്റ്റ് ചെയ്ത എല്ലാ ഫോട്ടോകളും അവരുടെ ജനറേറ്റീവ് എഐ പരിശീലിപ്പിക്കാൻ ഉപയോഗിച്ചതായി മെറ്റ അടുത്തിടെ സമ്മതിച്ചിരുനവ്നു. എന്നാൽ 'പബ്ലിക്' എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്നും 'അഡൾട്ട്' എന്നതിന്റെ പ്രായപരിധി എന്താണെന്നും മെറ്റ ഒരിക്കലും വ്യക്തമാക്കിയിട്ടില്ല. ഇത് കൂടുതൽ ആശങ്കയ്ക്ക് കാരണമാകുന്നു. മാത്രമല്ല, 2024 ജൂൺ 23 മുതൽ സജീവമായ അതിന്റെ അപ്‌ഡേറ്റ് ചെയ്ത എഐ നിബന്ധനകൾ, ഈ ക്ലൗഡ്-പ്രോസസ് ചെയ്ത, പ്രസിദ്ധീകരിക്കാത്ത ഫോട്ടോകൾ പരിശീലന ഫീഡായി ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ എന്നും വ്യക്തമല്ല. നിലവിൽ പ്രസിദ്ധീകരിക്കാത്ത, അതായത് പങ്കിടാത്ത ഫോട്ടോകൾ എഐ പരിശീലനത്തിനായി ഉപയോഗിക്കുന്നില്ലെന്ന് മെറ്റാ പറഞ്ഞതായി ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഭാവിയിൽ അങ്ങനെ ചെയ്യില്ലെന്ന് അവർ പറഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം ഈ ക്ലൗഡ് പ്രോസസ്സിംഗ് ഒഴിവാക്കണമെങ്കിൽ, ഫേസ്ബുക്കിന്റെ സെറ്റിംഗ്സിൽ പോയി ഈ ഫീച്ചർ ഓഫ് ചെയ്യാം. ഈ ഫീച്ചർ ഓഫാക്കിയാൽ ഉടൻ തന്നെ 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ എല്ലാ ഷെയർ ചെയ്യാത്ത ഫോട്ടോകളും ഡിലീറ്റ് ചെയ്യപ്പെടുമെന്ന് മെറ്റ പറയുന്നു. ഈ എഐ കാലഘട്ടത്തിൽ, ടെക് കമ്പനികൾ ഉപയോക്താക്കളിൽ നിന്ന് എത്രത്തോളം ഡാറ്റ ശേഖരിക്കാമെന്നും അത് എത്രത്തോളം ഉപയോഗിക്കാമെന്നും നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. മെറ്റയുടെ ഈ പുതിയ സവിശേഷത, ഉപയോക്താക്കളെ സഹായിക്കുന്നതായി നടിക്കുമ്പോൾ തന്നെ, അവരുടെ സ്വകാര്യ ഡാറ്റ ആക്‌സസ് ചെയ്യാനുള്ള ഒരു മാർഗം സൃഷ്‍ടിക്കുകയാണ് എന്നതാണ് ശ്രദ്ധേയം.
മുമ്പ് ഫോട്ടോകൾ പങ്കിടുക എന്നത് ബോധപൂർവമായ തീരുമാനമായിരുന്നു. എന്നാൽ ഇപ്പോൾ അതേ ഫോട്ടോകൾ നിശബ്‍ദമായി ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയും. മാത്രമല്ല മെറ്റാ എഐയുടെ കണ്ണുകൾക്ക് അവയെ നിരീക്ഷിക്കാനും കഴിയും. അത്തരമൊരു സാഹചര്യത്തിൽ, ഉപയോക്താക്കൾ ഈ സവിശേഷതയും അതിന്റെ നിബന്ധനകളും ശരിയായി മനസിലാക്കുകയും സ്വന്തം സ്വകാര്യതാ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.
