വീടുകളിൽ വീഡിയോ ‘ചാറ്റ്’ വിപ്ലവം ഒരുക്കാൻ ഫേസ്ബുക്ക് !
വീടുകളിൽ വീഡിയോ ചാറ്റിന് സഹായിക്കുന്ന ഉപകരണം ഫേസ്ബുക്കിൻ്റെ പണിപ്പുരയിൽ. സാമൂഹിക മാധ്യമങ്ങളുടെ മുന്നിൽ നടക്കുന്ന ഫേസ്ബുക്കിൽ നിന്നുള്ള ആദ്യ പ്രധാന ഹാർഡ്വെയർ ഉൽപ്പന്നമായിരിക്കും ഇത്. ലാപ് മാതൃകയിലുള്ള ടച്ച് സ്ക്രീൻ ആണ് അണിയറിൽ ഒരുങ്ങുന്നതെന്നാണ് സൂചന. അടുത്ത എഫ് 8 കോൺഫറൻസിൽ പുതിയ ഉൽപ്പന്നത്തിൻ്റെ പ്രഖ്യാപനം ഉണ്ടായേക്കും.
വലിയ സ്ക്രീനും സ്മാർട് കാമറ സാങ്കേതിക വിദ്യയും വിദൂരസ്ഥലങ്ങളിൽ ഇരിക്കുന്നവർ ഒരേ മുറിയിൽ ഇരുന്ന് സംസാരിക്കുന്ന പ്രതീതി സൃഷ്ടിക്കും. ഫേസ്ബുക്ക് ഉപയോക്താക്കളെ കൂടുതൽ അടുപ്പിക്കാനുള്ള ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ മാർക്ക് സുക്കർബർഗിൻ്റെ ദൗത്യത്തിന്‍റെ ഭാഗം കൂടിയായാണ് പുതിയ ഉപകരണം. ഇതിൻ്റെ ആദ്യമാതൃക വീടുകളിൽ പരീക്ഷിച്ചിട്ടുണ്ട്. ഗൂഗിൾ ഹോം, ആമസോൺ എക്കോ എന്നിവയുമായി മത്സരിക്കാൻ വേറിട്ടു നിൽക്കുന്ന സ്മാർട് സ്പീക്കറും സാമൂഹിക മാധ്യമ മേഖലയിലെ അതികായനായ ഫേസ്ബുക്ക് തയാറാക്കുന്നുണ്ട്.
രണ്ട് ഉപകരണങ്ങൾക്കും ആവശ്യമായ സിറിസ്റ്റൈൽ വോയിസ് അസിസ്റ്റൻറ്സ് സൗകര്യം ഒരുക്കാനായി ആപ്പിളിലെ പരിചയ സമ്പന്നരുടെ സഹായവും തേടിയിട്ടുണ്ട്. ഫേസ്ബുക്കിൻ്റെ ഹാർഡ്വെയർ മേഖലയിലെ അഭിലാഷത്തിൻ്റെ പുതിയ ഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണ് പുതിയ ഉപകരണങ്ങൾ.
കഴിഞ്ഞ വർഷം 8 ലാബ് സംവിധാനം സ്ഥാപിച്ചതോടെ സ്വന്തം ഹാർഡ്വെയർ ഉപകരണങ്ങൾ വികസിപ്പിക്കാനും ഫേസ്ബുക്കിന് സഹായകമായി. വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് തയാറാക്കാനുള്ള ലക്ഷ്യം അടുത്ത വർഷം നേടുമെന്നാണ് പ്രതീക്ഷ. മുൻ ഗൂഗിൾ എക്സിക്യുട്ടീവ് റെഗിന ദുഗൻ്റെ നേതൃത്വത്തിലാണ് 8 ലാബ് ഒരുക്കിയത്.