1.75 കോടി രൂപ കേരളത്തിന് ഫേസ്ബുക്ക് സഹായം
250,000 ഡോളർ( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു
ഹൈദരാബാദ്: കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ഫേസ്ബുക്ക് രംഗത്തെത്തി. 250,000 ഡോളർ( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. കേരളത്തിലെ കടുത്ത പേമാരിയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും നൂറ് കണക്കിന് പേരാണ് മരിച്ചത്. കൂടാതെ നിരവധി നാശ നഷ്ടങ്ങളുമുണ്ടായി. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി ഫേസ്ബുക്ക് രംഗത്തെത്തിരിക്കുന്നത്.
സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഫേസ്ബുക്ക് ഈ തുക കൈമാറുക. കഴിഞ്ഞ കുറച്ച് നാളുകളായി ആളുകളെ കണ്ടെത്തുന്നതിനും ഫണ്ട് രൂപീകരണം എന്നിങ്ങനെ ഉള്ള പലകാര്യങ്ങളിലും ഫേസ്ബുക്കും ഒപ്പമുണ്ടായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദുരന്തപൂര്‍ണമായ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ സംഭവിച്ചത്. ഈ മാസം എട്ടിനാരംഭിച്ച അവസാനിക്കാത്ത മഴയും പ്രളയവും മൂന്നൂറോളം ജീവനപരഹരിക്കുകയും ആയിരക്കണക്കിനാളുകളെ ഭവനരഹിതരാക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിലൂടെ നിരവധിപേര്‍ ലൈവ് വീഡിയോയും പേജുകളും ഗ്രൂപ്പുകളും ആരംഭിക്കുകയും പ്രളയ ബാധിതരെ സഹായിക്കാന്‍ ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കൂടാതെ ഗതാഗത, മെഡിക്കല്‍ സൗകര്യങ്ങളെത്തിക്കാനും ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു. ആഗസ്റ്റ് ഒമ്പതിന് ഫേസ്ബുക്ക് കമ്മ്യൂണിറ്റി''സേഫ്റ്റി ചെക്ക്'' എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തു. ഇതുവഴി ആളുകള്‍ സുരക്ഷിതരാണെന്ന് മറ്റുളളവരെ അറിയിക്കുന്നതിനും സാധിച്ചിരുന്നു.