ഫേസ്ബുക്കില്‍ ഇനി 'പേജ് പേ ചര്‍ച്ച'.!
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് പേജുകളില്‍ ഇനി ഒരു ചര്‍ച്ചയിടവും. പുതിയ ഫീച്ചർ വഴി പേജിന്‍റെ അഡ്മിന് പേജിലെ അംഗങ്ങള്‍ക്കായി പ്രത്യേക ചർച്ച ഗ്രൂപ്പ് രൂപപ്പെടുത്താൻ കഴിയും. ഗ്രൂപ്സ് ഫോർ പേജസ് എന്ന പേരിൽ ആണ് ഫേസ്ബുക്ക് പേജുകളിൽ ഇൗ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഇൗ ഗ്രൂപ്പുവഴി ചർച്ചകളാകാം. ആർട്ടിസ്റ്റ്, ബിസിനസ്, ബ്രാൻഡ്, ഫാൻസ് ക്ലബ് തുടങ്ങിയ വിവിധ രീതിയിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാമെന്ന് ഫെയ്സ്ബുക്ക് ചീഫ് പ്രൊഡക്ട് ഒാഫീസർ ക്രിസ് കോക്സ് പറഞ്ഞു.
പോസ്റ്റ് ദിസ് എന്ന പേരിൽ വാഷിങ്ടൺ പോസ്റ്റിലെ ജേണലിസ്റ്റുകളായ ടെറി രൂപർ,ടെഡി അമനബാർ എന്നിവർ ഗ്രൂപ്പ് രൂപപ്പെടുത്തുകയും പത്രത്തിന്‍റെ വായനക്കാരുമായി നേരിട്ട് സംവദിക്കുകയും ചെയ്യുന്ന രീതി ആവിഷ്ക്കരിച്ചു. ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഫെയ്സ്ബുക്കിന്റെ പരീക്ഷണം.
ഇത് പത്രാധിപർക്കുള്ള കത്തിന്റെ ഡിജിറ്റൽ രൂപമാവുകയും അതെസമയം തന്നെ തത്സമയ ചർച്ചയും കൂടിയായി മാറുന്നു. ഇത് പത്രത്തിന്‍റെ വായനക്കാർ ഇഷ്ടപ്പെടുകയും അവരെ ന്യൂസ് റൂമുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നുവെന്നും കോക്സ് പറഞ്ഞു.
ഒരു സ്ഥാപനത്തിന്റെ നാല് ചുമരില്‍ ഒതുങ്ങുന്ന ചർച്ചകളിൽ അതിന്റെ അഭ്യുദയകാംക്ഷികൾക്ക് കൂടി പങ്കാളിയാകാൻ അവസരമൊരുങ്ങുന്നതാണ് പുതിയ സംവിധാനം. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ഗ്രൂപ്സ് ഫോർ പേജസ് ആശയത്തെ അഭിനന്ദിക്കുകയും പുതിയ ഫീച്ചർ ജനങ്ങളെ കൂടുതൽ അടുപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു.