Asianet News MalayalamAsianet News Malayalam

മസ്‌ക്കിന്‍റെ അടുത്ത ചിപ്പ് പരീക്ഷണം; കാഴ്‌ച നഷ്ടമായവരെ ലോകം കാണിക്കാന്‍ 'ബ്ലൈൻഡ് സൈറ്റ്' വരുന്നു

മസ്‌ക്കിന്‍റെ ന്യൂറാലിങ്ക് എന്ന അമേരിക്കൻ ന്യൂറോ ടെക്നോളജി കമ്പനിയാണ് കാഴ്ചയില്ലാത്തവർക്ക് കാണാൻ സഹായിക്കുന്ന ഉപകരണം നിർമ്മിക്കുന്നത്

Elon Musk Neuralink is working on a product called Blindsight that can restore vision
Author
First Published Sep 20, 2024, 9:10 AM IST | Last Updated Sep 20, 2024, 9:50 AM IST

കണ്ടും കേട്ടും തൊട്ടും മണത്തും രുചിച്ചും ഒക്കെയാണ് മനുഷ്യർ ഈ ലോകത്തെ അറിയുന്നത്, അനുഭവിക്കുന്നത്. അതിൽത്തന്നെ കാഴ്ച എന്നത് ഏറെ വ്യത്യസ്തവും സവിശേഷവുമായ ഒരനുഭവം തന്നെയാണ്. കാഴ്ചയില്ലാതാകുന്ന ഒരവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കണ്ണുള്ളപ്പോൾ കണ്ണിന്‍റെ വിലയറിയില്ല എന്നത് വെറുമൊരു ഭാഷാ ശൈലി മാത്രമല്ല. കാഴ്ചയില്ലാത്ത അവസ്ഥ നമ്മളെ  പല തരത്തിലാകും ബാധിക്കുക. എന്നാൽ കാഴ്ച നഷ്ടമായവർക്കും ലോകം കാണാൻ കഴിഞ്ഞാലോ? അതെത്ര മനോഹരമായിരിക്കും. 

അത്തരത്തിലൊരു നൂതന സാധ്യത ലോകത്തിനുമുമ്പിൽ തുറന്നിട്ടിരിക്കുകയാണ് സാക്ഷാൽ ഇലോൺ മസ്ക്. മസ്‌ക്കിന്‍റെ ന്യൂറാലിങ്ക് എന്ന അമേരിക്കൻ ന്യൂറോ ടെക്നോളജി കമ്പനിയാണ് കാഴ്ചയില്ലാത്തവർക്ക് കാണാൻ സഹായിക്കുന്ന ഉപകരണം നിർമ്മിക്കുന്നത്. 'ബ്ലൈൻഡ് സൈറ്റ്' എന്നാണ് ഈ ഉപകരണത്തിന് നൽകിയിരിക്കുന്ന പേര്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തവർക്ക് ഈ ഉപകരണത്തിന്റെ സഹായത്തോടെ കാഴ്ചകൾ കാണാൻ സാധിക്കുമെന്നാണ് മസ്ക് അവകാശപ്പെടുന്നത്. ജന്മനാ കാഴ്ചയില്ലാത്തവരിലും ഈ ഉപകരണം ഫലപ്രദമാകുമെന്ന് അദേഹം പറയുന്നു. ബ്ലൈൻഡ് സൈറ്റിൽ ഘടിപ്പിച്ച ഒരു ചിപ്പ് മുഖേനയാണ് അന്ധരായവർക്ക് കാഴ്ച സാധ്യമാകുന്നത്. 

മസ്ക് ഈ വിവരം ലോകത്തെ അറിയിച്ചത് ‘സ്റ്റാർ ട്രെക്ക്’എന്ന പ്രശസ്ത സിനിമ ഫ്രാഞ്ചൈസിയിലെ ‘ജിയോർഡി ലാ ഫോർജ്’ എന്ന കഥാപാത്രത്തിന്റെ ചിത്രം  പങ്കുവച്ചുകൊണ്ടാണ്. ജന്മനാതന്നെ കാഴ്ചയില്ലാത്ത ഈ കഥാപാത്രത്തിന് വിവിധതരം ഉപകരണങ്ങളുടെ സഹായത്തോടെ കാഴ്ച ലഭിക്കുന്നുണ്ട്. 

ഏകദേശം ഒരു കണ്ണാടിക്ക് സമാനമാണ് ജിയോർഡി ലാ ഫോർജ് ഈ ചത്രത്തിൽ ധരിക്കുന്ന ഉപകരണം. ബ്ലൈൻഡ് സൈറ്റും ഇത്തരത്തിൽ കണ്ണാടിപോലെ ധരിക്കാനാവുന്ന ഉപകരണമാണെന്ന് വിവരങ്ങളുണ്ട്. ഇതൊരുതരം ക്യാമറയായിരിക്കും. ഈ ക്യാമറയിൽ നിന്നുള്ള പാറ്റേണുകൾ വിഷ്വൽ കോർട്ടെക്സിൽ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ഇലക്ട്രോഡ് അറേ എന്ന ചെറു ചിപ്പുകൾ വഴി പ്രോസസ് ചെയ്ത പുനരാവിഷ്കരിച്ചാണ് കാഴ്ച സാധ്യമാക്കുന്നത്. ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറിന്റെ ഭാഗമായ വിഷ്വൽ കോർട്ടക്സിന് തകരാർ സംഭവിച്ചിട്ടില്ലാത്ത എല്ലാവരിലും ഈ ഉപകരണം വിജയകരമായി പ്രവർത്തിക്കുമെന്നാണ്‌ മസ്‌ക്കും കമ്പനിയും പറയുന്നത്. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ലഭ്യമാകുന്ന കാഴ്ച അത്ര ക്വളിറ്റി ഉള്ളതായിരിക്കില്ല എന്നും വിവരങ്ങളുണ്ട്. പഴയ വിഡിയോ ഗെയിമുകളിലേതുപോലെ കുറഞ്ഞ റെസലൂഷനിലായിരിക്കും ആദ്യ ഘട്ടത്തിൽ കാഴ്ച സാധ്യമാകുക. എന്നാൽ ഭാവിയിൽ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് റഡാർ പോലെ സ്വാഭാവിക കാഴ്ചശക്തിയെക്കാൾ വ്യക്തമായി കാണാൻ ഈ സാങ്കേതിക വിദ്യയിലൂടെ കഹ്‌സീയുമെന്ന കമ്പനി അവകാശപ്പെടുന്നുണ്ട്. 

സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞു എന്നാണ് മസ്ക് എക്സ് പ്ലാറ്റഫോമിലൂടെ അറിയിച്ചിരിക്കുന്നത്. കൂടാതെ ‘ബ്രേക്ക് ത്രൂ ഡിവൈസ്’ പദവിയും ന്യൂറാലിങ്കിന്റെ ബ്ലൈൻഡ് സൈറ്റിന് FDA നൽകിയിട്ടുണ്ട്. ജീവനു ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്‌ക്കോ രോഗനിർണയത്തിനോ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് നൽകുന്ന പദവിയാണ് ബ്രേക്ക് ത്രൂ ഡിവൈസ് എന്നത്. എന്നാൽ അപ്പോഴേക്ക് ഉപകരണം തയ്യാറാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

അതേസമയം  ചിന്തകളിലൂടെ കംപ്യൂട്ടർ ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ബ്രെയിൻ ചിപ്പ് മനുഷ്യരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് നിലവിൽ ന്യൂറാലിങ്ക്. ചിപ്പ് ഘടിപ്പിച്ച വ്യക്തി തന്റെ ചിന്തകൾ കൊണ്ട് കമ്പ്യൂട്ടറിൽ വീഡിയോ ഗെയിമും ചെസും കളിക്കുന്ന ദൃശ്യങ്ങൾ അവർ പുറത്തുവിട്ടിരുന്നു. എട്ട് വർഷം മുമ്പുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളർന്ന നോളണ്ട് ആർബോ എന്ന 29 കാരണാണ് ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയ ലളിതമായിരുന്നെന്നും ചിപ്പ് ഘടിപ്പിച്ച തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി വിടാനായെന്നും ആർബോതന്നെ പറഞ്ഞിരുന്നു.  ഈ വർഷം ജനുവരി അവസാനത്തോടെയായിരുന്നു ചിപ്പ് സ്ഥാപിച്ചത്. 8 പേരിൽ കൂടി ഈ ഉപകരണം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കമ്പനി. 

ശാരീരിക വൈകല്യമുള്ളവർക്കും പാർക്കിൻസണും അൽഷിമേഴ്സുമടക്കം ന്യൂറോ രോഗങ്ങൾ ബാധിച്ചവർക്കും ടെലിപ്പതിയിലൂടെ ആശയവിനിമയം ഇതിലൂടെ സാധിക്കുമെന്ന മസ്ക്ക് പറഞ്ഞിരുന്നത്. ഈ ഉപകരണത്തിന്റെ പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയായശേഷം മാത്രമേ ബ്ലൈൻഡ് സൈറ്റിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് മസ്‌ക്കും ന്യൂറാലിങ്കും കടക്കാൻ ഇടയുള്ളൂ.

കാണാം വീഡിയോ

Read more: അലാസ്‌ക മലനിരകള്‍ കിടിലോസ്‌കി; മരങ്ങള്‍ക്ക് മീതെ കുടപോലെ 'നോര്‍ത്തേണ്‍ ലൈറ്റ്സ്'- ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios