ഇന്ത്യയില്‍ സ്റ്റാർലിങ്ക് സാധാരണ യൂസർമാർക്ക് ഇപ്പോൾ ലഭ്യമാകുന്നതിനേക്കാൾ മെച്ചപ്പെട്ട സേവനമോ, കുറഞ്ഞ നിരക്കോ ഉടനടി നൽകാൻ പോകുന്നില്ല എന്നതാണ് യാഥാർഥ്യം, എന്നാല്‍ ഗുണമുള്ള മറ്റ് ചില കൂട്ടരുണ്ട്...
സ്റ്റാർലിങ്ക് വരുമ്പോൾ ഇന്ത്യൻ ഇന്‍റർനെറ്റ് വിപണിയിൽ എന്ത് മാറ്റമാണുണ്ടാകുക? ആരാകും സ്റ്റാർലിങ്കിന്‍റെ ഉപയോക്താക്കൾ?ഇന്‍റർനെറ്റ് വേഗത്തിലോ നിലവിലെ വരിസംഖ്യയിലോ മാറ്റമുണ്ടാകുമോ?
ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ഇന്‍റർനെറ്റ് സേവനം ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത് മൊബൈൽ ഇന്‍റർനെറ്റ് ആയാലും, ബ്രോഡ്ബാൻഡ് കണക്ഷൻ ആയാലും. ആ മാർക്കറ്റിലേക്കാണ് ലോക കോടീശ്വരനും സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്‍റെ ഉടമയുമായ ഇലോണ്‍ മസ്കിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് വരുന്നത്. ഇന്ത്യയിലേക്ക് സ്റ്റാർലിങ്ക് വരുന്നത് സാധാരണ യൂസർമാർക്ക് ഇപ്പോൾ ലഭ്യമാകുന്നതിനേക്കാൾ മെച്ചപ്പെട്ട സേവനമോ, കുറഞ്ഞ നിരക്കോ ഒന്നും ഉടനടി നൽകാൻ പോകുന്നില്ല എന്നതാണ് യാഥാർഥ്യം.
ഭൂട്ടാനിലെ അനുഭവം
നമ്മുടെ അയൽ രാജ്യമായ ഭൂട്ടാനിൽ ഈ അടുത്താണ് സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. അവിടെ സാധാരണ യൂസർമാക്കുള്ള റെസിഡൻഷ്യൽ പ്ലാൻ രണ്ട് തരത്തിലാണ് കമ്പനി നൽകുന്നത്. ആദ്യത്തേത് റെസിഡൻഷ്യൽ ലൈറ്റ് പ്ലാൻ. പ്രതിമാസം മൂവായിരം ഭൂട്ടാനീസ് ങൾട്രം വരിസംഖ്യ. അൺലിമിറ്റഡ് ഡാറ്റയാണ് നൽകുന്നത്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്ത സ്ഥലത്ത് നിന്ന് മാറ്റാൻ പറ്റില്ല. ഒരു ഭൂട്ടാനീസ് ങൾട്രത്തിന്‍റെ മൂല്യം ഒരു ഇന്ത്യൻ രൂപയ്ക്ക് സമമാണ്. അതായത് മൂവായിരം രൂപയാണ് എറ്റവും താഴ്ന്ന പ്ലാനിന് പ്രതിമാസ വരിസംഖ്യ. കുറച്ച് കൂടി മെച്ചപ്പെട്ട പ്ലാനിന് 4200 രൂപയാണ് വരിസംഖ്യ. ബിസിനസ് പ്ലാനുകൾ തുടങ്ങുന്നതുതന്നെ 5900 രൂപയ്ക്കാണ്. ആദ്യമായി സ്റ്റാർലിങ്ക് വാങ്ങുമ്പോൾ ചിലവ് വേറെയുമുണ്ട്. സ്റ്റാർലിങ്ക് ഡിഷും, വൈഫൈ മോഡവും ഒക്കെ ചേരുന്ന കിറ്റിന് മുപ്പതിനായിരം രൂപയ്ക്ക് അടുത്ത നൽകേണ്ടി വരും.
നമ്മുടെ കേരളത്തിൽ 50 എംബിപിഎസ് വേഗവും പ്രതിമാസം നല്ല ഡാറ്റയും നൽകുന്ന ബ്രോഡ് ബാൻഡ് പ്ലാനുകൾ 400 രൂപ മുതൽ ലഭ്യമാണ്. കേരളത്തിലെ പ്രധാന സേവനദാതാക്കൾ കേബിൾ ടിവി കൂടി ചേരുന്ന പാക്കേജുകളായാണ് ഇത് ലഭ്യമാക്കുന്നത്. വമ്പൻമാരായ ജിയോയുടെയും എയർടെല്ലിന്‍റെയും ഫൈബർ പ്ലാനുകളും സമാനമായ നിരക്കുകളിൽ മികച്ച സേവനവും വേഗവും ലഭ്യമാക്കുന്നുണ്ട്. സ്റ്റാർലിങ്കിന് പരമാവധി വേഗം നിലവിൽ സെക്കൻഡിൽ നൂറ് എംബിപിഎസ് ആണ്. അത് തന്നെ എപ്പോഴും ആ വേഗം കിട്ടില്ല, സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ആ സമയത്ത് ഉപയോക്താവിന്‍റെ മേഖലയ്ക്ക് മുകളിലൂടെ കടന്ന് പോകുന്നുണ്ടെങ്കിലേ ഈ വേഗം കിട്ടൂ, കാലാവസ്ഥ സാഹചര്യവും നിർണായകമാണ്. 1500 രൂപയ്ക്ക് മുന്നൂറ് എംബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് ഡാറ്റ തരുന്ന പ്ലാനുകൾ കേരളത്തിൽ ലഭ്യമാണ്. ഒപ്പം പല ഒടിടി സേവനങ്ങളും ചേർത്ത് നൽകാനും സേവനദാതാക്കൾ തയ്യാറാണ് താനും. അപ്പോള്‍ ആരാണ് സ്റ്റാർലിങ്ക് ലക്ഷ്യമിടുന്ന ഉപഭോക്താവ് എന്നാണ് ചോദ്യം.
ചിലയിടത്ത് സ്റ്റാര്‍ലിങ്ക് സ്റ്റാര്‍
ഉപഗ്രഹം വഴി മാത്രം ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കാൻ പറ്റുന്ന ചില സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് പർവ്വ മേഖലകളിൽ, പിന്നെ കാടുകൾക്കിടയിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമങ്ങളില്‍, കടലിലെ ചെറു ദ്വീപുകളില്‍ അങ്ങനെയൊക്കെ...അവിടെ സ്റ്റാർലിങ്കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനങ്ങൾ വാങ്ങാൻ ആളുണ്ടായേക്കാം. പക്ഷേ അതിനേക്കാൾ വലിയ മാർക്കറ്റ് വിമാനങ്ങളും കപ്പലുകളുമാണ്. യാത്രക്കിടെ വിമാനത്തിലും കപ്പലിലും ഇന്‍റർനെറ്റ് സേവനം കിട്ടണമെങ്കിൽ ഉപഗ്രഹങ്ങൾ തന്നെ ഉപയോഗിക്കണം. അവിടെ പല കമ്പനികളും സ്റ്റാർലിങ്കിലേക്ക് തിരിയാൻ സാധ്യതയുണ്ട്.
ലോകത്താകെ 46 ലക്ഷം ഉപയോക്താക്കളാണ് സ്റ്റാർലിങ്കിന് ഉള്ളത്. ഇന്ത്യയിൽ ജിയോക്ക് മാത്രം 47 കോടിക്ക് അടുത്ത് യൂസർമാരുണ്ട്. എയർടെല്ലിന് 28 കോടിയും. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ ആകെ ഇന്‍റർനെറ്റ് യൂസർമാർ 95 കോടിക്ക് അടുത്താണ്. 95 ശതമാനം ഇന്ത്യൻ ഗ്രാമങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാണെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. ഇങ്ങനെയൊരു മാർക്കറ്റിന്‍റെ ഒരു ചെറിയ ഭാഗമെങ്കിലും കിട്ടിയാൽ സ്റ്റാർലിങ്കിന് അത് വലിയ നേട്ടമാകും, അതാണ് അവർ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്.
നേരിട്ട് മൊബൈൽ ഫോണുകളിൽ സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന സാങ്കേതികവിദ്യ വികസനഘട്ടത്തിലാണ്. അടുത്ത തലമുറ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചാൽ ഈ സേവനം സാർവത്രികമാകും. അപ്പോൾ ചിലപ്പോൾ ഈ പറഞ്ഞ കഥയെല്ലാം മാറും...നേരിട്ട് മൊബൈലിൽ സാറ്റ്‌ലൈറ്റ് കണക്ടിവിറ്റി ലഭ്യമായാൽ കൂടുതൽ പേർ ഈ സേവനം തെരഞ്ഞെടുത്തേക്കാം. സേവനത്തിന് വിലയേറുമെങ്കിലും ഇന്ത്യയിലെ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് മാർക്കറ്റിൽ വലിയ വളർച്ചയാണ് സ്റ്റാര്‍ലിങ്കിന് പല നിരീക്ഷകരും പ്രവചിക്കുന്നത്. അതിലാണ് സ്റ്റാർലിങ്കിന്‍റെ കണ്ണും.

