ചൈനയെ വെല്ലുന്ന മിസൈല്‍ ഇന്ത്യയും ഉണ്ടാകും - സൂര്യ
ലോകത്തിന്‍റെ ഏത് മൂലയിലും എത്തുന്ന മിസൈല്‍ ചൈന വികസിപ്പിച്ചു എന്ന വാര്‍ത്തയാണ് പല മാധ്യമങ്ങളിലും വന്നത്. എന്നാല്‍ ഇതിനോട് കിടപിടിക്കുന്ന ഒരു ആയുധം ഇന്ത്യന്‍ പണിപ്പുരയിലും ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. പ്രതിരോധ വിദഗ്ധരുടെ സൂചനകള്‍ പ്രകാരം സൂര്യ എന്നാണ് ഈ മിസൈലിന്‍റെ പേര്. എന്നാല്‍ ഫലത്തില്‍ അഗ്നി മിസൈലിന്‍റെ നാലാംഘട്ടമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം 55,000 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ (ആകെ ഭാരം) മിസൈലിന് സാധിക്കും. ശബ്ദത്തേക്കാൾ 24 ഇരട്ടി വേഗതയിലായിരിക്കും സൂര്യ മിസൈൽ കുതിക്കുക ( മണിക്കൂറിൽ 29,401 കിലോമീറ്റർ). റിപ്പോർട്ടുകൾ പ്രകാരം മൂന്നു സ്റ്റേജുകളിലായാണ് സൂര്യ മിസൈൽ പ്രവർത്തിക്കുക. ആദ്യ, രണ്ടാം ഘട്ടത്തിൽ ഖരവും മൂന്നാം ഘട്ടത്തിൽ ദ്രാവക ഇന്ധനവുമാണ് ഉപയോഗിക്കുന്നത്.
ഭൂഖണ്ഡാന്തര മിസൈലുകളെന്ന സ്വപ്‌നം ഇന്ത്യ സാക്ഷാത്കരിക്കുന്നത് 2012 ഏപ്രില്‍ 19ന് അഗ്നി 5 വിക്ഷേപിച്ചുകൊണ്ടാണ്. വിജയകരമായി പരീക്ഷിച്ച അഗ്നി 5ന്റെ പരിധിയുടെ കാര്യത്തില്‍ അയല്‍രാജ്യമായ ചൈന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ 5000 കിലോമീറ്ററാണ് അഗ്നി 5ന്റെ പരിധിയായി പറഞ്ഞത്.
എന്നാല്‍ ഇത് തെറ്റാണെന്നും കുറഞ്ഞത് 8000 കിലോമീറ്റര്‍ പരിധിയുള്ള മിസൈലാണിതെന്നുമാണ് ചൈനയുടെ വാദം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആയുധ കിടമത്സരം ഒഴിവാക്കാനായി ഇന്ത്യ മിസൈലിന്റെ പരിധി ബോധപൂര്‍വ്വം കുറച്ചു പറയുകയാണെന്നാണ് ചൈനീസ് ആരോപണം.
സൂര്യയുടെ കാര്യം ഡിആര്‍ഡിഒ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യ 12,000 മുതൽ 16,000 കിലോമീറ്റര്‍ പരിധിയുള്ള മിസൈലിന്‍റെ പണിപ്പുരയിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ മിസൈലിന് മൂന്ന് ഘട്ടങ്ങളാണുണ്ടാകുക. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിയുടെ ആദ്യ ഘട്ടത്തിലെ രീതികളായിരിക്കും സൂര്യയും പിന്തുടരുക എന്നാണ് റിപ്പോര്‍ട്ട്.