മെസഞ്ചര്‍ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്നമുണ്ടോ?
- ആപ്പിള്‍ ഐഫോണ്‍ ഐപാഡ് എന്നിവയില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ അടുത്തിടെ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായി വാര്‍ത്ത വന്നിരുന്നു
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ ഐപാഡ് എന്നിവയില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ അടുത്തിടെ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. പെട്ടെന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ ക്രാഷ് ആകുന്നു എന്ന പ്രശ്നമാണ് രണ്ട് ദിവസമായി കാണുന്നത് എന്നാണ് ദ വെർജ് അടക്കുള്ള ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഫോണിന്‍റെ മെസഞ്ചർ പതിപ്പ് വേർഷന്‍ 170.0 ഡൌണ്‍ലോഡ് ചെയ്തവര്‍ക്കാണ് ഈ പ്രശ്നം നേരിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ അപ്ഡേറ്റിന് ശേഷം ആപ്പ് ഓണാക്കിയാല്‍ ഉടന്‍ തന്നെ അത് ക്രാഷ് ആകുന്ന പ്രതിഭാസമാണ് കണ്ടത്.
ഇത് എങ്ങനെ പരിഹരിക്കാം എന്നതിനുള്ള പരിഹാരം ഇപ്പോള്‍ ടെക് സൈറ്റുകള്‍ നല്‍കുന്നുണ്ട്. ചില ബഗ്ഗുകളാണ് പുതിയ മെസഞ്ചര്‍ പതിപ്പില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതാണ് വിവരം. പുതിയ അപ്ഡേറ്റില്‍ ഫേസ്ബുക്ക് ഇതിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്നാണ് ടെക് സൈറ്റുകള്‍ പറയുന്നത്. ആപ്പ് സ്റ്റോറില്‍ നിന്ന് തന്നെ ഇപ്പോള്‍ മെസഞ്ചര്‍ അപ്ഡേറ്റ് നടത്താന്‍ സാധിക്കും. എന്നാല്‍ പ്രശ്നം നേരിട്ടവര്‍ അപ്ഡേറ്റിന് മുന്‍പ് പൂര്‍ണ്ണമായും മെസഞ്ചര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.
അതേ സമയം ഈ മാസം ആദ്യം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം അപ്ഡേറ്റും പല ആന്‍ഡ്രോയ്ഡ് ഫോണുകളിലും ക്രാഷ് ആയിരുന്നു. ജൂണ്‍ 5ന് സംഭവിച്ച ഈ പ്രശ്നം പിന്നീട് പുതിയ അപ്ഡേറ്റിലൂടെയാണ് പരിഹരിച്ചത്.