ഫോണ്‍ പൊട്ടിത്തെറിച്ച് പ്രമുഖ സിഇഒ കൊല്ലപ്പെട്ടു
- ക്രഡില്‍ ഫണ്ട് സിഇഒ നസ്റിന്‍ ഹസന്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു
- കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച് ഫോണ്‍ പൊട്ടിത്തെറിച്ചെന്നാണ് ഇദ്ദേഹത്തിന്‍റെ കുടുംബ വൃത്തങ്ങള്‍ പറയുന്നത്
ദില്ലി: ക്രഡില്‍ ഫണ്ട് സിഇഒ നസ്റിന്‍ ഹസന്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച് ഫോണ്‍ പൊട്ടിത്തെറിച്ചെന്നാണ് ഇദ്ദേഹത്തിന്‍റെ കുടുംബ വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞവാരമാണ് ഇദ്ദേഹത്തിന്‍റെ വീട്ടിലെ കിടപ്പുമുറയില്‍ സംഭവം നടന്നത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രണ്ട് ഫോണുകള്‍ ഇദ്ദേഹം ചാര്‍ജിന് വച്ചെന്നും ഇതില്‍ ഒന്ന് പൊട്ടിത്തെറിച്ച് കിടക്കയ്ക്ക് തീപിടിച്ചാണ് നസ്റിന്‍ ഹസന് പരിക്കേറ്റത് എന്നുമാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനോടകം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒരു പ്രമുഖ വ്യക്തി മരണപ്പെടുന്നത് ഇത് ആദ്യമായാണ്.
അതേസമയം പൊട്ടിത്തെറി മൂലം ഉണ്ടായ മുറിവുകള്‍ ശരീരത്തിലുണ്ടെന്നും മരണത്തെക്കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം പോലീസും മറ്റും നടത്തുമെന്ന് ക്രഡില്‍ ഫണ്ട് ഔദ്യോഗിക പത്രകുറിപ്പില്‍ അറിയിച്ചു.
2003 മുതല്‍ മലേഷ്യന്‍ സര്‍ക്കാറിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രഡില്‍ ഫണ്ടിന്‍റെ നേതൃത്വത്തില്‍ ഇദ്ദേഹമുണ്ട്. പുതിയ വ്യവസായ ഐടി സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികമായ സഹായം നല്‍കുന്ന സ്ഥാപനമാണ് ക്രഡില്‍ ഫണ്ട്, ഇതില്‍ മലേഷ്യന്‍ സര്‍ക്കാറിന് നേരിട്ട് നിക്ഷേപമുണ്ട്.