കൊവിഡ് 19: ഫ്‌ലിപ്കാര്‍ട്ട് സേവനം താല്‍ക്കാലികമായി നിര്‍ത്തി, നിയന്ത്രണവുമായി ആമസോണും
മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ മാത്രം എത്തിച്ചാല്‍ മതിയെന്ന് ആമസോണും തീരുമാനിച്ചു.
മുംബൈ: രാജ്യത്ത് കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഒണ്‍ലൈന്‍ വില്‍പന രംഗത്തെ ഭീമന്മാരായ ഫ്‌ലിപ്കാര്‍ട്ട് സേവനം താല്‍ക്കാലികമായി നിര്‍ത്തി. ആമസോണും ഭാഗികമായി നിര്‍ത്തി. അത്യാവശ്യ സാധനങ്ങള്‍ മാത്രമാണ് ആമസോണ്‍ വിതരണം ചെയ്യുക.
'ഇതിന് മുമ്പ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ല. വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണിത്. എല്ലാവരും സുരക്ഷിതമായി വീട്ടിലിരുന്ന് രാജ്യത്തെ സേവിക്കുക. കഴിയുന്നതും വേഗത്തില്‍ തിരിച്ചെത്തും'-ഫ്‌ലിപ്കാര്‍ട്ട് വെബ്‌സൈറ്റില്‍ പറഞ്ഞു.
എല്ലാ ഐറ്റവും ഔട്ട് ഓഫ് സ്റ്റോക്ക് എന്നാണ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ജീവനക്കാരോട് ഫ്‌ലിപ്കാര്‍ട്ട് നിര്‍ദേശം നല്‍കിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ രണ്ട് വരെ സേവനം നിര്‍ത്താനാണ് തീരുമാനം.
ഫ്‌ലിപ്കാര്‍ട്ടിന് പുറമെ, ആമസോണും നിര്‍ണായക തീരുമാനമെടുത്തു. മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ മാത്രം എത്തിച്ചാല്‍ മതിയെന്ന് ആമസോണും തീരുമാനിച്ചു. കൊവിഡ് 19 പടര്‍ന്ന് പിടിച്ചത് ഇരുകമ്പനികളുടെയും കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.