ആഗോള ഐടി പ്രതിസന്ധി: സംഭവിച്ചത് മൂന്നാം ലോക മഹായുദ്ധമെന്ന് വാദം, ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പെരുകുന്നു

വിന്‍ഡോസിലെ തകരാര്‍ ആഗോളവ്യാപകമായി വിവിധ മേഖലകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുകയും ശതകോടികളുടെ നഷ്‌ടമുണ്ടാക്കുകയും ചെയ്‌തിരുന്നു 

Conspiracy theories take off after Global IT Outage in Microsoft CrowdStrike

പാരിസ്: ലോകം ഇതുവരെ അനുഭവിച്ച ഏറ്റവും വലിയ ഐടി പ്രതിസന്ധി! വ്യോമയാനം, ബാങ്കിംഗ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകളെ ഒരു ദിവസത്തിലേറെയായി സ്തംഭനത്തിലാക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസില്‍ ഇന്നലെ (വെള്ളിയാഴ്‌ച) രാവിലെ തുടങ്ങിയ പ്രശ്‌നം. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' സ്ക്രീനില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ ആഗോളവ്യാപകമായി വിവിധ മേഖലകളുടെ പ്രവര്‍ത്തനം താളംതെറ്റുകയും ശതകോടികളുടെ നഷ്‌ടമുണ്ടാവുകയുമായിരുന്നു.

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ പ്രശ്‌നം സൈബർ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്സ്ട്രൈക്കിന്‍റെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍വെയറിലെ അപ്‌ഡേറ്റില്‍ വന്ന പിഴവ് മൂലമുണ്ടായതാണ് എന്നാണ് നിഗമനം. ഇക്കാര്യം ക്രൗഡ്‌സ്ട്രൈക്കും മൈക്രോസോഫ്റ്റും തുറന്നുസമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇരു ടീമുകളുടെയും കണ്ടെത്തലും മാപ്പുപറച്ചിലുമൊന്നും ഗൂഢാലോചന സിദ്ധാന്തക്കാരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളവയായിരുന്നില്ല. ലോകമാകെ വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ക്കുണ്ടായ സാങ്കേതിക പ്രശ്‌നത്തെ സൈബര്‍ മാതൃകയിലുള്ള മൂന്നാം ലോക മഹായുദ്ധം എന്ന തരത്തില്‍ വരെ വിശേഷിപ്പിച്ചു സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഗൂഢാലോചന സിദ്ധാന്തക്കാര്‍ എന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു.

Read more: വിൻഡോസ് കമ്പ്യൂട്ടറുകളിലെ പ്രശ്‌നം തുടരുന്നു; ഇന്നും ലോകം താറുമാറാകും, സമ്പൂര്‍ണ പരിഹാരം നീളും

നാളിതുവരെ ഐടി രംഗത്ത് ലോകം ഇത്രയും മണിക്കൂറുകള്‍ നീണ്ട പ്രതിസന്ധി അഭിമുഖീകരിച്ചിട്ടില്ല എന്നത് വസ്‌തുതയാണ്. വെള്ളിയാഴ്‌ച രാവിലെ ആരംഭിച്ച പ്രതിസന്ധി ശനിയാഴ്‌ചയായിട്ടും ഇതുവരെ പരിഹരിച്ചിട്ടില്ല. വിന്‍ഡോസിലെ തകരാര്‍ പൂര്‍ണമായും എപ്പോള്‍ പരിഹരിക്കാനാകും എന്ന കണക്കുകൂട്ടല്‍ നിലവില്‍ മൈക്രോസോഫ്റ്റിനും ക്രൗഡ്സ്ട്രൈക്കിനുമില്ല എന്നാണ് ഇരു കമ്പനികളുടെയും പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഈ അവസരം മുതലെടുത്താണ് ഗൂഢാലോചന സിദ്ധാന്തക്കാര്‍ കഥകള്‍ മെനയുന്നത്. cyber polygon എന്ന ഹാഷ്‌ടാഗില്‍ നിരവധി ട്വീറ്റുകള്‍ ആഗോള ഐടി പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി പ്രത്യക്ഷപ്പെട്ടു. 

'മൂന്നാം ലോകമഹായുദ്ധം മിക്കവാറും ഒരു സൈബര്‍ യുദ്ധമായിരിക്കും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്'- എന്നായിരുന്നു മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട ഒരു ട്വീറ്റ്. ലോക വ്യാപകമായി ഒരു സൈബര്‍ അറ്റാക്കിന് സാധ്യതയുള്ളതായി വേള്‍ഡ് ഇക്കണോമിക് ഫോം മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന തരത്തിലുള്ള വീഡിയോ പ്രചാരണമാണ് ഗൂഢാലോചന സിദ്ധാന്തക്കാരുടെ മറ്റൊരു ആയുധം. പഴയ വീഡിയോ ഉപയോഗിച്ചാണ് ഈ പ്രചാരണം തകൃതിയായി നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ക്ക് സംഭവിച്ചിരിക്കുന്നത് സൈബര്‍ ആക്രമണമോ ഹാക്കിംഗോ അല്ല സാങ്കേതിക പ്രശ്‌നം മാത്രമാണ് എന്ന് മൈക്രോസോഫ്റ്റും ക്രൗഡ്സ്ട്രൈക്കും വിശദീകരിക്കുന്നു. പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് എന്ന് ഇരു കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. 

Read more: ക്രൗഡ്‌സ്ട്രൈക്കിന്‍റെ അപ്‌ഡേറ്റ് പിഴവുണ്ടാക്കിയ ദുരിതം എപ്പോള്‍ തീരും; പ്രതികരിച്ച് മൈക്രോസോഫ്റ്റ് സിഇഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios