നാലായിരത്തോളം വെബ്സൈറ്റുകൾ ചൈനയിൽ നിരോധിച്ചു
ബെയ്ജിംഗ്: നാലായിരത്തോളം വെബ്സൈറ്റുകൾ ചൈനയിൽ നിരോധിച്ചു. സൈബർ സ്പേസ് അഡ്മിനിസ്ട്രേഷനാണ് സൈറ്റുകൾക്ക് താഴിട്ടത്. 3,918 അനധികൃത വെബ്സൈറ്റുകളാണ് സൈബർ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നവ, വർഗീയത പടർത്തുന്നവ, അശ്ലീല ഉള്ളടക്കങ്ങൾ ഉള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള സൈറ്റുകളാണ് നിരോധിച്ചത്.
കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ് പോലുള്ള സന്ദേശ ആപ്പുകള്‍ ചൈനയില്‍ നിരോധിച്ചിരുന്നു. വിദേശത്ത് നിന്നും രാജ്യവിരുദ്ധ വിഷയങ്ങള്‍ പ്രചരിക്കാന്‍ ഇടയാകുന്നു എന്നതാണ് വാട്ട്സ്ആപ്പിനെതിരായ ആരോപണം. എന്നാല്‍ ചൈനയില്‍ വാട്ട്സ്ആപ്പിനെക്കാള്‍ പ്രിയമുള്ള സന്ദേശ ആപ്ലികേഷന്‍ വീചാറ്റ് ആണ്. ഈ ആപ്പിന് കടുത്ത നിരീക്ഷണമാണ് ചൈനയില്‍ നടക്കുന്നത്.
അനധികൃത വെബ്സൈറ്റുകളുമായി ബന്ധപ്പെട്ട 316 കേസുകളും അന്വേഷണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം സൈറ്റുകൾ കൈകാര്യം ചെയ്തിരുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരങ്ങൾ. 810,000ത്തോളം സൈബർ അക്കൗണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.