വാട്ട്സ്ആപ്പിനും നിരോധനം ഏര്‍പ്പെടുത്തി ചൈന
ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ വേഗത്തിലുള്ള മെസേജിങ് ആപ്പായ വാട്ട്സ്ആപ്പിനും ചൈന നിരോധനം ഏര്‍പ്പെടുത്തി. കുറച്ചുദിവസങ്ങളായി ചൈനയില്‍ വാട്സ്ആപ്പ് സേവനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ടായിരുന്നു. അതിനിടെയാണ് സെപ്റ്റംബര്‍ 23 മുതല്‍ രാജ്യത്ത് വാട്ട്സ്ആപ്പ് ലഭ്യമല്ലെന്ന വിവരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റായ സന്ദേശം സൃഷ്ടിക്കുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ വിലയിരുന്നത്. ഇതുകാരണം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഷയങ്ങള്‍ നിരീക്ഷിക്കാന്‍ ഗ്രേറ്റ് ഫയര്‍വാള്‍ സംവിധാനവും ചൈന ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് നിരോധനമെന്നും വിലയിരുത്തലുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. 2009 മുതലാണ് ചൈനയില്‍ ഫേസ്ബുക്ക് നിരോധിച്ചിട്ടുള്ളത്. ഈ വിലക്ക് നീക്കാന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വാട്ട്സ്ആപ്പും ചൈന നിരോധിച്ചിരിക്കുന്നത്. അതേസമയം അന്താരാഷ്‌ട്ര സിംകാര്‍ഡ് ഉപയോഗിക്കുന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും വാട്ട്സ്ആപ്പ് ഉപയോഗിക്കാനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.