ഈഫല്‍ ടവറൊക്കെ ചെറുത്! ഉയരം കൊണ്ട് ലോകത്തിന്‍റെ നെറുകയില്‍ ഇന്ത്യയുടെ ചെനാബ് റെയിൽ പാലം, എട്ടാം ലോകാത്ഭുതം

ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തില്‍ ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ റെയില്‍വേയുടെ എഞ്ചിനീയറിംഗ് വിസ്‌മയമായി നദിക്ക് മുകളിലൂടെ ചെനാബ് പാലം, ലോകത്തിലെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽപാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ത്യ
 

Chenab Rail Bridge higher than Eiffel Tower is new engineering marvel of Indian Railway

ചെനാബ്: ലോകത്തിലെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ പാലം ഇനി ഇന്ത്യക്ക് സ്വന്തം. കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ ഇന്ത്യൻ റെയിൽവേ നിർമിച്ച കൂറ്റൻ ആർച്ച് പാലം ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് യാത്രയുടെ പുതിയ വാതിൽ തുറക്കും. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ നിർമാണമായിരുന്നു ചെനാബ് ‌ആർച്ച് പാലം.

359 മീറ്റർ ഉയരം, അതായത് ഈഫൽ ടവറിനേക്കാൾ 35 മീറ്റർ അധികം തലപ്പൊക്കം. നീളമാവട്ടേ അതിശയിപ്പിക്കുന്ന 1315 മീറ്ററും. കൊടുങ്കാറ്റോ, ഭൂകമ്പമോ, ഭീകരാക്രമണമോ... അങ്ങനെ എന്തും നേരിടാൻ പോന്ന ഒരു പാലമാണ് ജമ്മു കശ്‌മീരിന്‍റെ സ്വപ്നങ്ങള്‍ക്ക് വഴിയൊരുക്കാന്‍ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. ഉദ്ദംപൂർ-ബാരാമുള്ള റൂട്ടിൽ വ്യത്യസ്ത ഉയരങ്ങളിലുള്ള മലയിടുക്കുകളെ ബന്ധിപ്പിച്ചാണ് പാലത്തിന്‍റെ നിര്‍മാണം. പ്രവചനാനീതമായ ഭൂപ്രകൃതിയിലെ കാറ്റിനോടും മഞ്ഞിനോടും പർവതങ്ങളോടും മല്ലിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് പാലം നിര്‍മിച്ചത്. 

കശ്മീരിലേക്കുള്ള റെയിൽ റൂട്ട് പൂർത്തിയാക്കണമെങ്കിൽ ചെനാബ് നദി കടക്കണം. ഇവിടെയല്ലെങ്കിൽ മറ്റെവിടെയും നദിക്ക് കുറുകെ പാലം പണിയാനാകില്ലെന്ന തിരിച്ചറിവിൽ ഇന്ത്യൻ റെയിൽവേ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. നോർത്തേൺ റെയില്‍വേയ്ക്ക് കീഴിലാണ് ഈ റെയിൽവേ പാത. നിർമാണ ദൗത്യം നിറവേറ്റിയത് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ. പാലത്തിന്‍റെ രണ്ട് അറ്റത്ത് നിന്നും നിർമാണം തുടങ്ങി. പാലത്തിന്‍റെ ഒത്തനടുക്ക് വച്ച് ഡെക്കുകൾ കൂട്ടിയോജിപ്പിക്കുന്നത് അടക്കം നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളി. ഈ പാലത്തിലെ പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി റെയില്‍വേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

ജമ്മുവിനെയും കശ്‌മീരിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ റൂട്ടിൽ നിലവിൽ റിയാസി ജില്ലയിലെ കട്രയ്ക്കും റംബാൻ ജില്ലയിലെ ബനിഹാലിനുമിടയിലെ 63.8 കിലോമീറ്ററിലാണ് ട്രെയിന്‍ സ‍ർവീസില്ലാത്തത്. ചെനാബ് ഉൾപ്പടുന്ന ഈ ഭാഗം കൂടി പൂർത്തിയായാൽ താഴ്‌വര പൂർണമായും ഇന്ത്യൻ റെയിൽവേയുമായി ബന്ധിപ്പിക്കപ്പെടും. പിന്നെ കന്യാകുമാരി മുതൽ ശ്രീനഗർ വരെ ട്രെയിൻ ഓടും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ദില്ലി- ശ്രീനഗർ വന്ദേഭാരത് സർവീസോടെ ചെനാബിലൂടെയുള്ള ഇന്ത്യൻ റെയിൽവേയുടെ കുതിപ്പിന് തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

Read more: ഈ എഞ്ചിനീയറിംഗ് വിസ്മയം കേവലമൊരു യാത്രാ മാർഗ്ഗമല്ല; ചെനാബ് റെയിൽ പാലം തുറക്കുക അനന്ത സാധ്യതകളുടെ ലോകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios