'ചാറ്റ്‌ജിപിടി'ക്കും മേലെയോ! ഓപ്പണ്‍എഐയില്‍ രഹസ്യ പരീക്ഷണം; എന്താണ് 'സ്ട്രോബെറി'? ആകാംക്ഷ മുറുകുന്നു
മനുഷ്യയുക്തിക്ക് പകരംവെക്കാനാവുന്ന എഐ മോഡലിന്‍റെ പരീക്ഷണമോ അണിയറയില്‍ നടക്കുന്നത് എന്നാണ് ചോദ്യം
കാലിഫോര്‍ണിയ: ചാറ്റ്‌ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍എഐയില്‍ നിന്ന് മറ്റൊരു അത്ഭുതമുണ്ടാകുമോ ഉടന്‍ എന്ന ആകാംക്ഷയില്‍ ടെക് ലോകം. 'സ്ട്രോബെറി' എന്ന് പേരിട്ടിരിക്കുന്ന ഒരു രഹസ്യ പ്രൊജക്ട് ഓപ്പണ്‍ എഐയില്‍ പുരോഗമിക്കുന്നതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മനുഷ്യബുദ്ധിയോട് കിടപിടിക്കുന്ന എഐ മോഡലാണോ അണിയറയില്‍ ഒരുങ്ങുന്നത് എന്നതാണ് പ്രധാന ആകാംക്ഷ.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് പരീക്ഷണങ്ങള്‍ തുടരുകയാണ് മൈക്രോസോഫ്റ്റിന്‍റെ പിന്തുണയുള്ള സ്റ്റാര്‍ട്ട്ആപ്പായ ഓപ്പണ്‍എഐ. സ്ട്രോബെറി എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്റ്റ് കമ്പനിയില്‍ പുരോഗമിക്കുന്നു. എന്നാല്‍ ഈ പ്രൊജക്ടിനെ കുറിച്ച് അധികം വിവരങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടില്ല. ഓപ്പണ്‍എഐ കമ്പനിക്ക് ഉള്ളില്‍പ്പോലും വളരെ രഹസ്യമായാണ് ഈ പ്രൊജക്ട് പുരോഗമിക്കുന്നത്. എഐ മോഡലുകളില്‍ മനുഷ്യബുദ്ധിയെ വെല്ലുന്ന പുത്തന്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കാനാണ് ഓപ്പണ്‍എഐ ശ്രമിക്കുന്നത് എന്നാണ് സൂചന.
റോയിട്ടേഴ്‌സ് പുറത്തുവിട്ട പ്രൊജക്ട് സ്ട്രോബറി വിവരങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ഓപ്പണ്‍എഐ വക്‌താവ് തയ്യാറായില്ല. 'ഞങ്ങളുടെ എഐ മോഡലുകള്‍ക്ക് ലോകത്തെ കൂടുതലായി മനസിലാക്കാന്‍ കഴിയുകയാണ് വേണ്ടത്. എഐയില്‍ പുതിയ കണ്ടെത്തലുകള്‍ക്കായുള്ള ഗവേഷണം ഈ രംഗത്ത് സ്വാഭാവികമാണ്' എന്നും മാത്രം ഓപ്പണ്‍എഐ വക്‌താവ് മറുപടി നല്‍കി.
മുമ്പ് 'ക്യൂ' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ഇപ്പോള്‍ സ്ട്രോബറി എന്ന് അറിയപ്പെടുന്നതെന്ന് സൂചനയുണ്ട്. ക്യൂവിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. നിലവിലുള്ള എഐ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി സയന്‍സും കണക്കുമായി ബന്ധപ്പെട്ട പ്രയാസകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നതാണ് ക്യൂ എന്ന് പറയപ്പെടുന്നു. ചൊവ്വാഴ്‌ച നടന്ന കമ്പനിയുടെ യോഗത്തില്‍ ഒരു എഐ മോഡല്‍ ഡെമോ അവതരിപ്പിച്ചെങ്കിലും ഇത് സ്ട്രോബെറിയാണോ എന്ന് വ്യക്തമല്ല. മീറ്റിംഗ് നടന്ന വിവരം റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ച കമ്പനി വക്‌താവ് പക്ഷേ ഈ പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം