ബ്ലൂവെയില്‍; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
ബ്ലൂവെയില്‍ ഗെയിമിന്‍റെ അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ ഐടി മാന്ത്രാലയമാണ് ബ്ലൂവെയില്‍ ഗെയിം കളിക്കുന്നത് തടയാന്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ബ്ലൂവെയില്‍ ഉള്‍പ്പെടെ അപകട ഭീഷണി ഉയര്‍ത്തുന്ന ഗെയിമുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ ദാതാക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വാട്സ് ആപ്, ടെലഗ്രാം തുടങ്ങിയവയിലൂടെ ഗെയിമിന്‍റെ ലിങ്ക് ലഭ്യമാണെന്നതാണ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാന്‍ കാരണം. കുട്ടികളില്‍ പ്രകടമാകുന്ന ഏതൊരു മാറ്റവും സസൂക്ഷമം നിരീക്ഷിക്കാനാണ് സര്‍ക്കാര്‍ രക്ഷിതാക്കളോട് നിര്‍ദ്ദേശിക്കുന്നത്. ബ്ലൂവെയില്‍ ഗെയിം വളരെയധികം അപകടകാരിയാണെന്നും ഗെയിമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും ഗെയിം കളിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
കുടുംബത്തില്‍ നിന്നും അകലം പാലിക്കുക, ശരീരത്തില്‍ മുറിവുണ്ടാക്കുക, അമിതമായ ദേക്ഷ്യം പ്രകടിപ്പിക്കുക, ഓണ്‍ലൈനില്‍ ചെലവിടുന്ന സമയം പെട്ടെന്ന് വര്‍ധിപ്പിക്കുക തുടങ്ങിയവ ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ്. പരിചയമില്ലാത്ത മൊബൈല്‍ നന്പറുകളും ഈ മെയില്‍ ഐഡികളും ഉപയോഗിച്ച് ചാറ്റ് ചെയ്യുന്നവരെ ശ്രദ്ധിക്കണമെന്നും പ്രതിസന്ധികളില്‍ രക്ഷിതാക്കള്‍ ഒപ്പം നില്‍ക്കുമെന്ന വിശ്വാസം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പല രഹസ്യ ഗ്രൂപ്പുകളിലും ബ്ലൂവെയില്‍ ഗെയിം ഇപ്പോഴും ലഭിക്കുന്നത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതുവരെ ഒന്‍പത് ബ്ലൂവെയില്‍ ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.