വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; ടിക് ടോക്കിനുള്‍പ്പെടെ കേന്ദ്ര നിര്‍ദേശം ലഭിച്ചു
കൊവിഡ് 19 നെ ഭയപ്പെടുന്നില്ലെന്ന് അവകാശപ്പെടുന്ന ടിക്ക് ടോക്ക് ഉപയോക്താവിന്റെ ഒരു വീഡിയോ വാര്‍ത്താ ഏജന്‍സി കണ്ടെത്തി
ദില്ലി: കൊവിഡ് 19 സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പോസ്റ്റു ചെയ്യുന്ന ഉപയോക്താക്കളെ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫേസ്ബുക്കിനോടും ടിക് ടോക്കിനോടും ആവശ്യപ്പെട്ടു. രാജ്യത്ത് 800 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള അപ്ലിക്കേഷനാണ് ടിക് ടോക്ക്. ഇത് പ്രാഥമികമായി വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. പക്ഷേ ആളുകള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന മിക്ക വീഡിയോകളും മതങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണെന്ന് ദില്ലി ആസ്ഥാനമായുള്ള ഡിജിറ്റല്‍ അനലിറ്റിക്‌സ് സ്ഥാപനമായ വോയേജര്‍ ഇന്‍ഫോസെക് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് 19 നെ ഭയപ്പെടുന്നില്ലെന്ന് അവകാശപ്പെടുന്ന ടിക്ക് ടോക്ക് ഉപയോക്താവിന്റെ ഒരു വീഡിയോ വാര്‍ത്താ ഏജന്‍സി കണ്ടെത്തി. കൊറോണ വൈറസിനെ വ്യാജമായി ചികിത്സിക്കുന്നതായി അവകാശപ്പെടുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ടിക്ടോക്ക്, ട്വിറ്റര്‍ എന്നിവയില്‍ പോസ്റ്റു ചെയ്തതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. ഇതെല്ലാം കണക്കിലെടുത്ത്, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഉപയോക്താക്കളെ നീക്കം ചെയ്യാനും ഇത്തരം ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ഐടി മന്ത്രാലയം ഫേസ്ബുക്കിനും ടിക് ടോക്കിനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കൊവിഡിനെ നേരിടാന്‍ രാജ്യം നടത്തുന്ന സമഗ്ര ശ്രമത്തെ ഇത് ദുര്‍ബലപ്പെടുത്തുന്നതായി ഐടി മന്ത്രാലയം പറഞ്ഞു. 'സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ടിക് ടോക് അറിയിച്ചു. തെറ്റായ വിവരങ്ങളും ദോഷകരമായ ഉള്ളടക്കവും ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപിക്കുന്നത് തടയാന്‍ തങ്ങള്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.