സന്തോഷ വാര്‍ത്ത, വരുന്നു ബിഎസ്എന്‍എല്‍ ഇ-സിം; ലോഞ്ച് 2025 മാര്‍ച്ചില്‍
2025 മാര്‍ച്ചില്‍ ഇ-സിം അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്‍, ബിഎസ്എന്‍എല്‍ 4ജി വിന്യാസം 2025 ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കും
ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുന്നു. 2025 മാര്‍ച്ചിലാണ് ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സംവിധാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യാന്‍ ആലോചിക്കുന്നത്. നിലവില്‍ സ്വകാര്യം ടെലികോം പ്രൊവൈഡര്‍മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വിഐ) എന്നിവര്‍ ഇന്ത്യയില്‍ ഇ-സിം സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെയും പുത്തന്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിന്‍റെയും ഭാഗമായി പൊതുമേഖല ടെലികോം നെറ്റ്‌വര്‍ക്കായ ബിഎസ്എന്‍എല്‍ ഇ-സിം സൗകര്യം ആരംഭിക്കുകയാണ്. 2025 മാര്‍ച്ചില്‍ ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സൗകര്യം രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് ബിഎസ്എന്‍എല്‍ കണ്‍സ്യൂമര്‍ മൊബിലിറ്റി ഡയറക്ടര്‍ സന്ദീപ് ഗോവില്‍ അറിയിച്ചു. രാജ്യത്തെ മറ്റെല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ഇ-സിം സംവിധാനം നേരത്തെയുണ്ടായിരുന്നു.
ഇ-സിം സൗകര്യം പിന്തുണയ്ക്കുന്ന ഫോണുകള്‍ വളരെ കുറവായതിനാല്‍ ഇന്ത്യയിലെ ഇ-സിം ഉപഭോക്താക്കള്‍ പരിമിതമാണ്. ഐഫോണുകള്‍ അടക്കമുള്ള ഹൈ-എന്‍ഡ് ഫോണുകള്‍ക്കാണ് ഇ-സിം സൗകര്യം നിലവിലുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സൗകര്യം ലഭിച്ചുതുടങ്ങും. 2025 ജൂണ്‍ മാസത്തോടെ 4ജി വിന്യാസം പൂര്‍ത്തീകരിക്കാനും ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നു. ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എന്‍എല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനകം 60,000ത്തിലധികം 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ പൂര്‍ത്തീകരിച്ചു.
Read more: അതിവേഗം ബഹുദൂരം ബിഎസ്എന്‍എല്‍; 4ജി ടവറുകള്‍ 62201 എണ്ണമായി, പുതിയ നാഴികകല്ല്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം