5ജിയിലേക്ക് ചുവടുവച്ച് ബിഎസ്എന്‍എല്‍
ദില്ലി: 5ജി സര്‍വീസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ബിഎസ്എന്‍എല്‍. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ട്രയല്‍ തുടങ്ങും എന്ന് കമ്പനി ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. 5ജിയുടെ കാര്യത്തില്‍ നോക്കിയ കമ്പനിയുമായി ഞങ്ങള്‍ കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഫീല്‍ഡ് ട്രയല്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തീകരിക്കണം. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇത് ആരംഭിക്കുമെന്നാണ് ബിഎസ്എന്‍എല്‍ മേധാവി പറയുന്നത്.
5 ജി ഡിവൈസുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ലാര്‍സന്‍ ആന്‍ഡ് ടൌബ്രോ, എച്ച് പി തുടങ്ങിയ കമ്പനികളുമായി ബിഎസ്എന്‍എല്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. നെറ്റ്വര്‍ക്കിംഗ് സ്ഥാപനമായ കോറിയന്റുമായി എഗ്രിമെന്‍റുകളും തയ്യാറായിക്കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട്. 5ജി ശൃംഖലയുടെ രൂപീകരണം തല്ക്കാലം ഏല്‍പ്പിച്ചിരിക്കുന്നത് കോറിയന്‍റിനെയാണ്. എന്നാല്‍ ഇത് വിവരങ്ങള്‍ കൈമാറുന്നതിന് വേണ്ടി മാത്രമുള്ള പരസ്പര ധാരണയാണെന്നും 5ജി ടെക്നോളജിയെക്കുറിച്ച് മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ബിഎസ്എന്‍എല്‍ മേധാവി പറയുന്നു.
3 ജി, 4 ജി സര്‍വീസുകളുടെ അതേ ശ്യംഖല തന്നെയായിരിക്കും 5ജിയ്ക്കും ഉപയോഗിക്കുക. പക്ഷേ ഇത് കൂടുതല്‍ വേഗതയാര്‍ന്നതായിരിക്കും. ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്വന്തമായുള്ള ബിഎസ്എന്‍എലിനെ സംബന്ധിച്ചിടത്തോളം മികച്ച വേഗത 5 ജി യിലും ഉറപ്പു വരുത്താനാവും.