ഇനി ബിഎസ്എന്‍എല്‍ 4ജി, 5ജി എളുപ്പം ലഭിക്കും; യൂണിവേഴ്‌സല്‍ സിം, ഓവര്‍-ദി-എയര്‍ സൗകര്യം അവതരിപ്പിച്ചു

ഓവര്‍-ദി-എയര്‍ സംവിധാനമാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു സാങ്കേതികവിദ്യ

BSNL launching universal 4G 5G SIM platform and OTA

ദില്ലി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ 4ജി വ്യാപനം തുടരുന്നതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത. 'യൂണിവേഴ്‌സല്‍ സിം' (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. പുതിയ സിം കാര്‍ഡ് എടുക്കാതെതന്നെ ഉപഭോക്താക്കള്‍ക്ക് യൂണിവേഴ്‌സല്‍ സിം പ്ലാറ്റ്‌ഫോം വഴി 4ജി ലഭ്യമാകും. ഭാവിയില്‍ ഇതേ സിം ഉപയോഗിച്ച് 5ജി നെറ്റ്‌വര്‍ക്കും ആസ്വദിക്കാം. അതായത് 4ജിയോ, 5ജിയോ ലഭ്യമാകാന്‍ പുതിയ സിം കാര്‍ഡ് എടുക്കേണ്ടതില്ല എന്ന് ചുരുക്കം. ഇന്ത്യയിലെവിടെയും ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. ഇതിനൊപ്പം ഓവര്‍-ദി-എയര്‍ (OTA) സാങ്കേതികവിദ്യയും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഓവര്‍-ദി-എയര്‍ സംവിധാനമാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു സാങ്കേതികവിദ്യ. ബിഎസ്എന്‍എല്‍ ഓഫീസില്‍ പോകാതെ തന്നെ നേരിട്ട് 4ജി, 5ജി നെറ്റ്‌വര്‍ക്കുകളിലേക്ക് സിം അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്. ഇവ രണ്ടും കൂടുതല്‍ ഉപഭോക്താക്കളെ ബിഎസ്എന്‍എല്ലിലേക്ക് ആകര്‍ഷിച്ചേക്കും. 

4ജി, പിന്നാലെ 5ജി

ബിഎസ്എന്‍എല്ലിന്‍റെ 4ജി, 5ജി വ്യാപനത്തിന്‍റെ ഭാഗമായാണ് പുതിയ സാങ്കേതിക സൗകര്യങ്ങള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ബിഎസ്എന്‍എല്ലിന്‍റെ 4ജി വ്യാപനം പുരോഗമിച്ചുവരികയാണ്. ഇതിനകം 15,000ത്തിലധികം ടവറുകളില്‍ 4ജി ലഭ്യമാക്കാനായി. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ 80,000 ടവറുകള്‍ 4ജിലേക്ക് മാറ്റാനാണ് ബിഎസ്എന്‍എല്‍ നീക്കം. 2025 മാര്‍ച്ചോടെ 21,000 ടവറുകള്‍ കൂടി 4ജിയാവും. ഇതോടെ ഒരുലക്ഷം ബിഎസ്എന്‍എല്‍ ടവറുകള്‍ രാജ്യമെമ്പാടും 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കും. ഇതിന് ശേഷം അടുത്ത വര്‍ഷം ആദ്യം 5ജിയും ബിഎസ്എന്‍എല്‍ എത്തിക്കും എന്നാണ് കരുതുന്നത്. ആദ്യം പരീക്ഷണ ഘട്ടത്തില്‍ 5ജി എത്തുന്ന സ്ഥലങ്ങളുടെ പട്ടിക മുമ്പ് പുറത്തുവന്നിരുന്നു. ബിഎസ്എന്‍എല്ലിന്‍റെ 5ജി സിം പുറത്തിറക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. 

Read more: 4ജിയില്‍ കത്തിക്കയറാന്‍ ബിഎസ്എന്‍എല്‍, ഇതിനകം 15,000 ടവറുകള്‍ പൂര്‍ത്തിയായി, ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios