ബഫറിംഗിന് വിട, 500ലധികം ചാനലുകള്‍ സൗജന്യം; ബിഎസ്എന്‍എല്‍ പുതിയ ലൈവ് ടിവി സേവനം ആരംഭിച്ചു, എന്താണ് 'ഐഎഫ്‌ടിവി'

ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍ അധിഷ്‌ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന്‍റെ പേര് 'ഐഎഫ്‌ടിവി' എന്നാണ്

BSNL has launched Indias first fibre based intranet TV service called IFTV for free

ദില്ലി: രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്‌ടിവി എന്നാണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി സര്‍വീസിന്‍റെ പേര്. ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍-ടു-ദി-ഹോം (എഫ‌്‌ടിടിഎച്ച്) സബ്‌സ്‌ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള ഇന്‍റര്‍നെറ്റ് ടിവി സര്‍വീസാണിത്. സൗജന്യമായാണ് ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി അവതരിപ്പിച്ചിരിക്കുന്നത്. സെറ്റ്-ടോപ് ബോക്‌സ് ഇല്ലാതെ തന്നെ ടെലിവിഷന്‍ ചാനലുകള്‍ ബിഎസ്എന്‍എല്‍ ഈ സേവനത്തിലൂടെ നല്‍കുന്നു. 

മധ്യപ്രദേശിലും തമിഴ്‌നാട്ടിലുമാണ് ആദ്യ ഘട്ടത്തില്‍ ബിഎസ്എന്‍എല്‍ എഫ‌്‌ടിടിഎച്ച് വഴിയുള്ള ലൈവ് ടിവി സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. മറ്റ് സര്‍ക്കിളുകളിലേക്ക് വൈകാതെ തന്നെ ഈ സേവനം ബിഎസ്എന്‍എല്‍ വ്യാപിപ്പിക്കും. റിലയന്‍സിന്‍റെ ജിയോടിവി പ്ലസിനുള്ള ബിഎസ്എന്‍എല്ലിന്‍റെ മറുപടിയാണ് ഐഎഫ്‌ടിവി എന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഇരു സര്‍വീസുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 

എന്താണ് ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി

ഉപഭോക്താക്കളുടെ ഇന്‍റര്‍നെറ്റ് പ്ലാനുകളില്‍ നിന്ന് ഡാറ്റ നേരിട്ട് ഉപയോഗിക്കുന്ന ജിയോടിവി പ്ലസ് സേവനത്തില്‍ നിന്ന് വ്യത്യസ്തമായാണ് ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി ലൈവ് ടിവി രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ഐഎഫ്‌ടിവി ഇന്‍റര്‍നെറ്റ് ഡാറ്റാ പ്ലാനില്‍ നിന്ന് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. അതിനാല്‍ ഉപഭോക്താവിന്‍റെ എഫ‌്‌ടിടിഎച്ച് പ്ലാനില്‍ നിന്ന് ഡാറ്റ ഉപയോഗിക്കില്ല. ഇന്‍റര്‍നെറ്റ് കണക്ഷന്‍ പ്രശ്നം നേരിട്ടാലും ടിവി ചാനലുകളുടെ സ്ട്രീമിംഗ് സര്‍വീസിനെ പ്രതികൂലമായി ബാധിക്കില്ല. ഇന്‍റര്‍നെറ്റ് വേഗത്തിലെ ഏറ്റക്കുറച്ചിലുകള്‍ യാതൊരു തരത്തിലും ബാധിക്കാതെ ഉയര്‍ന്ന നിലവാരത്തിലുള്ള സ്ട്രീമിംഗ് ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി ഉപഭോക്താക്കള്‍ക്ക് ലഭിക്കും എന്നാണ് അവകാശവാദം. 

ഇപ്പോള്‍ ആന്‍ഡ്രോയ്‌ഡ് ടിവിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവിയെ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. സെറ്റ്-ടോപ് ബോക്‌സ് പോലുള്ള അധിക ഉപകരണങ്ങള്‍ സ്ഥാപിക്കാതെ തന്നെ ഈ സേവനം എഫ്‌ടിടിഎച്ച് സബ്സ്‌ക്രൈബര്‍മാര്‍ക്ക് ലഭിക്കും. 500ലധികം ലൈവ് ടിവി ചാനലുകള്‍ ആദ്യഘട്ടത്തില്‍ ഈ സേവനത്തില്‍ ലഭ്യമാണ് എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. 

വീഡിയോ ഓണ്‍ ഡിമാന്‍ഡ്, പേ ടിവി സേവനങ്ങളും ഐഎഫ്‌ടിവിയില്‍ ബിഎസ്എന്‍എല്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഏറെ ആകര്‍ഷകമായ വിനോദ പരിപാടികള്‍ ഇത് ഉറപ്പാക്കും എന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ എല്ലാ ബിഎസ്എന്‍എല്‍ എഫ്‌ടിടിഎച്ച് ഉപഭോക്താക്കള്‍ക്കും സൗജന്യമായി ഐഎഫ്‌ടിവി സേവനം ആസ്വദിക്കാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. 

Read more: ബിഎസ്എന്‍എല്‍ വേറെ ലെവല്‍; വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം, രജിസ്ട്രേഷന്‍ തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios