അതിവേഗം ബഹുദൂരം ബിഎസ്എന്‍എല്‍; 4ജി ടവറുകള്‍ 62201 എണ്ണമായി, പുതിയ നാഴികകല്ല്
ബിഎസ്എന്‍എല്ലിന്‍റെ 4ജി വ്യാപനം പുരോഗമിക്കുന്നു, ടവറുകളുടെ എണ്ണം അറുപതിനായിരം പിന്നിട്ടു
ദില്ലി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ 4ജി വ്യാപനം പുത്തന്‍ നാഴികക്കല്ലില്‍. ബിഎസ്എന്‍എല്‍ 4ജി നെറ്റ്‌വര്‍ക്ക് ടവറുകള്‍ 62201 എണ്ണം പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചതായി ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ എത്ര ടവറുകള്‍ പ്രവര്‍ത്തനക്ഷമായി എന്ന് വ്യക്തമല്ല.
ജൂലൈ മാസം സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ നിരവധി ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് മടങ്ങിയിരുന്നു. ഈ തക്കംനോക്കി 4ജി വിന്യാസം വേഗത്തിലാക്കിയിരിക്കുകയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്. ഇന്ത്യയില്‍ ഏറ്റവും അവസാനം 4ജി വിന്യാസം ആരംഭിച്ച നെറ്റ്‌വര്‍ക്ക് സേവനദാതാക്കളാണ് ബിഎസ്എന്‍എല്‍. രാജ്യത്ത് ആകെയുള്ള ബിഎസ്എന്‍എല്‍ 4ജി ടവറുകളുടെ എണ്ണം അറുപതിനായിരം പിന്നിട്ടത് ഉപഭോക്താക്കളെ സംബന്ധിച്ച് സന്തോഷ വാര്‍ത്തയാണ്. രാജ്യത്തെ അതിര്‍ത്തിപ്രദേശങ്ങളിലെ വിദൂര ഗ്രാമങ്ങളിലടക്കം ബിഎസ്എന്‍എല്‍ 4ജി സേവനം എത്തിച്ചു. എന്നാല്‍ ഇപ്പോഴും നെറ്റ്‌വര്‍ക്കില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതായാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളുടെ പരാതി.
സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് കുടിയേറിയവരെ പിടിച്ചുനിര്‍ത്താന്‍ ബിഎസ്എന്‍എല്‍ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളുമായി ശ്രമിക്കുകയാണ്. ഇത് മനസിലാക്കി സ്വകാര്യ കമ്പനികളും പുത്തന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചുവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം