ബിഎസ്എന്‍എല്ലിന് പിന്നാലെ ജനം; ഒരൊറ്റ സംസ്ഥാനത്ത് മാത്രം രണ്ട് ലക്ഷം പുതിയ കണക്ഷന്‍

4ജി സൗകര്യം ഇപ്പോള്‍ അവതരിപ്പിക്കുന്നതും മികച്ച താരിഫ് നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതുമാണ് ബിഎസ്എന്‍എല്ലിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്

BSNL Andhra Pradesh Reports 2 Lakh SIM Activations in 30 Days

ഹൈദരാബാദ്: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ കൂട്ടിയതോടെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ നല്ലകാലം വരികയാണെന്ന് സൂചനകള്‍. നിരക്ക് വര്‍ധനയ്ക്ക് ശേഷമുള്ള 30 ദിവസത്തിനിടെ ആന്ധ്രാപ്രദേശ് സര്‍ക്കിളില്‍ മാത്രം രണ്ട് ലക്ഷം മൊബൈല്‍ സിമ്മുകളാണ് ബിഎസ്എന്‍എല്‍ ആക്റ്റീവേറ്റ് ചെയ്തത്. 

വെറും ഇരുപത്തിമൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷം സിം കാര്‍ഡുകള്‍ ആക്റ്റിവേഷന്‍ ചെയ്യാന്‍ കഴിഞ്ഞതായി ബിഎസ്എന്‍എല്‍ ആന്ധ്രാപ്രദേശ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ (പഴയ ട്വിറ്റര്‍) മുമ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിവേഗം കണക്ഷന്‍ രണ്ട് ലക്ഷം പിന്നിട്ടത്. എന്നാല്‍ ഇത്രയും കണക്ഷനുകള്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണമാണോ അതോ പോര്‍ട്ടബിള്‍ സൗകര്യം ഉപയോഗിച്ച് മറ്റ് നെറ്റ്‌‌വര്‍ക്കുകളില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്‌തവരുടെ കണക്കാണോ എന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഈ രണ്ട് രീതിയിലും ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കള്‍ എത്തിയിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. അടുത്തിടെ ആന്ധ്രയിലെ ചിറ്റൂരില്‍ ബിഎസ്എന്‍എല്‍ 4ജി അവതരിപ്പിച്ചിരുന്നു. വൈകാതെ തന്നെ ഇത് സംസ്ഥാനത്തുടനീളം ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ട്. 

Read more: വലിയ വിലയില്ല, 320 ജിബി ഡാറ്റ 160 ദിവസത്തേക്ക്; ബിഎസ്എന്‍എല്ലിന് കൈകൊടുക്കാന്‍ ബെസ്റ്റ് ടൈം

4ജി സൗകര്യം ഇപ്പോള്‍ അവതരിപ്പിക്കുന്നതും മികച്ച താരിഫ് നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതുമാണ് ബിഎസ്എന്‍എല്ലിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. സ്വകാര്യ കമ്പനികള്‍ ഡാറ്റ നിരക്കുകള്‍ ഉയര്‍ത്തിയപ്പോഴും ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടരുകയാണ്. മറ്റ് സ്വകാര്യ നെറ്റ്‌വര്‍ക്കുകളെ അപേക്ഷിച്ച് വേഗക്കുറവ് പലരും പരാതിപ്പെടുന്നുണ്ടെങ്കിലും 4ജി, 5ജി വിന്യാസം കൂടുന്നതോടെ ബിഎസ്എന്‍എല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും എന്ന് കരുതപ്പെടുന്നു. എന്നാല്‍ 4ജി, 5ജി മൈഗ്രേഷന് ശേഷം ബിഎസ്എല്‍എല്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുമോ എന്ന് വ്യക്തമല്ല. 

ജിയോയും എയര്‍ടെല്ലും വിഐയും വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വന്ന ജൂലൈ 3-4 തിയതികള്‍ക്ക് ശേഷമാണ് ബിഎസ്എന്‍എല്ലിന്‍റെ രാശി തെളിഞ്ഞത്. സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധനവിന് ശേഷം ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്ക് എത്തിയത്. 

Read more: 25 ലക്ഷം പുതിയ കണക്ഷന്‍, പോര്‍ട്ട് ചെയ്‌തെത്തിയത് രണ്ടരലക്ഷം പേര്‍; കോളടിച്ച് ബിഎസ്‌എന്‍എല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios