വരുന്നു ബിഎസ്എന്‍എല്‍ 5ജി, തിയതി കുറിച്ചു, നിരക്ക് കൂട്ടില്ലെന്നത് ഇരട്ടി സന്തോഷം; നിര്‍ണായക പ്രഖ്യാപനം
കാത്തിരുന്ന് ഇനിയധികം മുഷിയില്ല, ബിഎസ്എൻഎല്ലിന്‍റെ 5ജി നെറ്റ്‌വര്‍ക്കിലേക്ക് മാറാം മാസങ്ങൾക്കുള്ളിൽ
ഹൈദരാബാദ്: 4ജി നെറ്റ്‌വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ബിഎസ്എൻഎൽ. 4ജി സേവനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ. ശ്രീനു പറഞ്ഞു. അടുത്ത ജനുവരിയോടെ കൃഷ്‌ണ ജില്ലയില്‍ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതിയെന്നും അദേഹം വ്യക്തമാക്കി.
രാജ്യത്ത് ഇനിയും ബിഎസ്എന്‍എല്‍ 4ജി സേവനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ല. എന്നാൽ നെറ്റ്‌വർക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എൻഎൽ ഇപ്പോൾ. കേരളത്തിലും ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കൂട്ടിയതോടെ ബിഎസ്എൻഎല്ലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. അതിനിടെയാണ് ബിഎസ്എന്‍എല്‍ 4ജി നെറ്റ്‌വർക്കുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ടവറുകൾ അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് എൽ. ശ്രീനു വിവരങ്ങള്‍ പങ്കുവെച്ചത്. സ്വകാര്യ കമ്പനികളുടെ നിരക്കുവർധനവുമായി ബന്ധപ്പെട്ടും അദേഹം പ്രതികരിച്ചു.
ബിഎസ്എൻഎൽ ഒരു പ്ലാനിന്‍റെയും നിരക്ക് വർധിപ്പിക്കില്ലെന്നും പകരം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനം നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും എൽ. ശ്രീനു കൂട്ടിച്ചേർത്തു.
ബിഎസ്എന്‍എല്‍ എത്ര 4ജി ടവറുകള്‍ ഇതുവരെ സ്ഥാപിച്ചുകഴിഞ്ഞു എന്ന കണക്കുകള്‍ വ്യക്തമല്ല. 4ജി വിന്യാസം ബിഎസ്എന്‍എല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മുന്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 4ജി വിന്യാസം നടക്കുമ്പോള്‍ തന്നെ 5ജിയെ കുറിച്ചുള്ള ആലോചനകളും ബിഎസ്എന്‍എല്ലില്‍ പുരോഗമിക്കുകയാണ്. 2025 ജനുവരിയോടെ 5ജി വിന്യാസം ബിഎസ്എന്‍എല്‍ തുടങ്ങും എന്ന സൂചനയാണ് കൃഷ്ണ ജില്ല ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ. ശ്രീനു നല്‍കുന്നത്. രാജ്യത്തിന്‍റെ മറ്റിടങ്ങളിലും ഇതേ സമയത്ത് 5ജി വിന്യാസം ആരംഭിക്കുന്നത് പ്രതീക്ഷിക്കുന്നു. രാജ്യത്ത് ഏറ്റവും വൈകി 4ജി നെറ്റ്‌വര്‍ക്ക് ഒരുക്കുന്ന ടെലികോം സേവനദാതാക്കള്‍ കൂടിയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം