എയര്‍ടെല്‍ എഐ ടൂള്‍ മഹാവിജയം; ആദ്യം ദിനം തിരിച്ചറിഞ്ഞ‌ത് 11.5 കോടി സ്‌പാം കോളുകള്‍, 36 ലക്ഷം സ്‌പാം മെസേജ്

ട്രൂകോളര്‍ ആപ്പിന് ബദലാകുന്ന സംവിധാനമാണ് ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്ന സ്‌പാം ഡിറ്റക്ഷന്‍ ടൂള്‍

Bharti Airtel AI tool identified 11 crore spam calls 36 lakh spam messages on day 1

ദില്ലി: സ്‌പാം കോളുകളും മെസേജുകളും തിരിച്ചറിയാനുള്ള ഭാരതി എയര്‍ടെല്ലിന്‍റെ എഐ ടൂള്‍ ആദ്യ ദിനം തന്നെ അമ്പരപ്പിച്ചതായി റിപ്പോര്‍ട്ട്. എഐ ടൂള്‍ പ്രവര്‍ത്തനക്ഷമമായ വ്യാഴാഴ്‌ച 115 മില്യണ്‍ സ്‌പാം കോളുകളും 3.6 മില്യണ്‍ സ്‌പാം മെസേജുകളും സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ തിരിച്ചറിഞ്ഞതായി ദി മിന്‍റ് റിപ്പോര്‍ട്ട് ചെയ്‌തു. 

എഐ ടൂള്‍ ആദ്യ ദിനമായ വ്യാഴാഴ്‌ച (2024 സെപ്റ്റംബര്‍ 26) 11.5 കോടി സ്‌പാം കോളുകളും 36 ലക്ഷം സ്‌പാം മെസേജുകളും തിരിച്ചറിഞ്ഞതായാണ് ഭാരതി എയര്‍ടെല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി മിന്‍റിന്‍റെ റിപ്പോര്‍ട്ട്. എയര്‍ടെല്‍ സിം ഉപയോഗിക്കുന്ന എല്ലാ സ്‌മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും വേണ്ടി കമ്പനി പുറത്തിറക്കിയ ടൂളാണിത്. സാധാരണ ഫീച്ചര്‍ ഫോണ്‍ യൂസര്‍മാരിലേക്കും ഇതേ ഫീച്ചര്‍ കൊണ്ടുവരാന്‍ ഭാരതി എയര്‍ടെല്‍ ലക്ഷ്യമിടുന്നതിനാല്‍ തിരിച്ചറിയുന്ന സ്‌പാം കോളുകളുടെയും മെസേജുകളുടെയും എണ്ണം വരുംദിവസങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യത എന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. 

സ്വീഡന്‍റെ ട്രൂകോളര്‍ ആപ്പിന് ബദലാകുന്ന സംവിധാനമാണ് ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്ന സ്‌പാം ഡിറ്റക്ഷന്‍ ടൂള്‍. സ്പാം എന്ന് സംശയിക്കുന്ന എല്ലാ കോളുകളെയും എസ്എംഎസുകളേയും കുറിച്ച് തത്സമയം ഉപഭോക്താക്കളെ അറിയിക്കുന്ന രീതിയിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ഈ സേവനം ലഭിക്കും. സ്‌പാം കണ്ടെത്താനുള്ള എഐ ടൂള്‍ ആക്ടീവാകാന്‍ പ്രത്യേകം പണം മുടക്കുകയോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയോ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തുകയോ വേണ്ടതില്ല. 

സ്‌പാം കോളുകള്‍ക്കും മെസേജുകള്‍ക്കും തടയിടാന്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ട്രായ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭാരതി എയര്‍ടെല്‍ എഐ ടൂള്‍ അവതരിപ്പിച്ചത്. പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലും സ്പാമുകളെ ചെറുക്കാന്‍ എഐ അധിഷ്‌ഠിത ടൂള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. 

Read more: ദിവസം 10 കോടി കോളുകള്‍ തിരിച്ചറിയും; സ്‌പാം മെസേജുകളും പൂട്ടിക്കാന്‍ എഐ ടൂളുമായി എയര്‍ടെല്‍, രാജ്യത്താദ്യം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios