ഓണ്‍ലൈനില്‍ ഓർഡർ ചെയ്‌ത് ഏഴ് മിനിറ്റിനുള്ളിൽ ദേ ലാപ്‌ടോപ് മുന്നിൽ; കഥയല്ല, സംഭവം സത്യം!
ഫ്ലിപ്‌കാര്‍ട്ട് മിനിറ്റ്സാണ് ഓര്‍ഡര്‍ ചെയ്‌ത് ഏഴ് മിനിറ്റ് കൊണ്ട് ലാപ്‌ടോപ് ഉപഭോക്താവിന്‍റെ കൈയിലെത്തിച്ചത്
ബെംഗളൂരു: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ ലാപ്ടോപ്പ് ഓർഡർ ചെയ്‌ത് ഏഴ് മിനിറ്റിനുള്ളിൽ സാധനം ദേ മുന്നിൽ. വിശ്വസിക്കാനാകുന്നില്ല അല്ലേ... എങ്ങനെയാണ് ഇത്രയും വേഗത്തില്‍ ലാപ്‌ടോപ് ലഭിച്ചത് എന്ന് മനസിലാക്കാം.
ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടിന്‍റെ ക്വിക്ക് കൊമേഴ്‌സ് സേവനമായ ഫ്ലിപ്‌കാര്‍ട്ട് മിനിറ്റ്സാണ് ഓര്‍ഡര്‍ ചെയ്‌ത് ഏഴ് മിനിറ്റ് കൊണ്ട് ലാപ്‌ടോപ് ഉപഭോക്താവിന്‍റെ കൈയിലെത്തിച്ചത്. ഫ്ലിപ്‌കാര്‍ട്ട് മിനിറ്റ്സിന് നന്ദി പറഞ്ഞ് ബെംഗളൂരു നിവാസിയായ സണ്ണി ആര്‍ ഗുപ്‌ത വെരിഫൈസ് എക്‌സ് ഹാന്‍ഡിലില്‍ നിന്ന് ഇട്ട പോസ്റ്റ് വൈറലായതോടെയാണ് ഇക്കാര്യം പലരും അറിഞ്ഞത്. ഓർഡറിന് തൊട്ടുപിന്നാലെ, ട്രാക്കിംഗ് പേജ് 'അൽപ്പം വൈകി' എന്ന് കാണിക്കുകയും സമയം 12 മിനിറ്റായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തതായും സണ്ണി പോസ്റ്റിൽ പറയുന്നു. ഒരു ഏസർ പ്രിഡേറ്റർ ലാപ്‌ടോപ്പാണ് സണ്ണി ഓർഡർ ചെയ്തത്. രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയുടെ വളർച്ചയെ കുറിച്ച് നിരവധി പേരാണ് സണ്ണി ആര്‍ ഗുപ്‌തയുടെ ട്വീറ്റിന് താഴെ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഈ മാസമാണ് ബെംഗളൂരുവിലെ ചില പ്രദേശങ്ങളില്‍ ഫ്ലിപ്‌കാര്‍ട്ട് മിനിറ്റ്സ് സേവനം ആരംഭിച്ചത്. Blinkit, Swiggy Instamart പോലുള്ള ഇതിനകം സ്ഥാപിതമായ പ്ലാറ്റ്‌ഫോമുകളുടെ എതിരാളിയായി സ്വയം വിശേഷിപ്പിക്കുകയും മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ഫ്ലിപ്‌കാര്‍ട്ട് മിനിറ്റ്സ്.
മുൻപ് വീട്ടുപകരണങ്ങൾ കേടായാൽ നന്നാക്കാനായി വിളിക്കാനുള്ള ഓപ്ഷൻ ഫ്ലിപ്‌കാർട്ട് അവതരിപ്പിച്ചിരുന്നു. വിവിധ തരത്തിലുള്ള വീട്ടുപകരണങ്ങള്‍ സ്ഥാപിക്കുക, അറ്റകുറ്റപ്പണി നടത്തുക എന്നിവയായിരുന്നു ഫ്ലിപ്‌കാർട്ടിന്‍റെ പുതിയ ബിസിനസ് മോഡല്‍. നിലവിലെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ആയിരത്തിലധികം സിറ്റികളിൽ 18000ത്തിലധികം പിൻകോഡുകളിൽ ഈ സേവനം ലഭ്യമാണ് ഇന്ന്.
Read more: സര്‍പ്രൈസ്! പ്രതീക്ഷിച്ചതിലും മുമ്പേ ഐഫോണ്‍ 16 സിരീസ് എത്തും; ലോഞ്ച് തിയതിയായി, ഇന്ത്യന്‍ സമയമറിയാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം