സന്തോഷ് ശിവന്‍റെയും ബാഹുബലി നിര്‍മാതാവിന്‍റെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; തട്ടിപ്പ് പെരുകുന്നു
തന്‍റെ പേരിൽ വരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും സന്തോഷ് ശിവന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്
വാട്‌സ്ആപ്പ് അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾ കയ്യേറുന്നത് തുടര്‍ക്കഥയാവുന്നു. നിരവധി പേരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ നിയന്ത്രണങ്ങൾ ഇത്തരത്തിൽ നഷ്ടമായിക്കഴിഞ്ഞു. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനും, ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്‍റെ നിർമാതാവായ ഷോബു യർലഗഡ്ഡയും, സന്തോഷ് ശിവന്‍റെ അസിസ്റ്റന്‍റുമാണ് ഏറ്റവും പുതുതായി തട്ടിപ്പിനിരയായിരിക്കുന്നത്.
തമിഴ്നാട് പൊലീസിന്‍റെ സൈബർ ക്രൈം വിങ്ങിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും ഇത് സംബന്ധിച്ച പരാതികളെത്തിയിട്ടുണ്ട്. പരാതിയെത്തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്. സന്തോഷ് ശിവൻ തന്‍റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ട വിവരം വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. വൈകാതെ വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അദേഹം അറിയിച്ചു. തന്‍റെ പേരിൽ വരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും സന്തോഷ് ശിവന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. തന്‍റെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌തതായി ഷോബു യർലഗഡ്ഡ എക്‌സിലാണ് (പഴയ ട്വിറ്റര്‍) അറിയിച്ചത്.
അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിന് പിന്നാലെ ഉപഭോക്താക്കളുടെ വാട്‌സ്ആപ്പ് നമ്പറുകൾ ഉപയോഗിച്ച് മറ്റൊരു ഫോണിൽ നിന്ന് വാട്‌സ്ആപ്പ് ലോഗിൻ ചെയ്യുകയാണ് സൈബര്‍ കുറ്റവാളികൾ ചെയ്യുന്നത്. ഇതോടെ യഥാർഥ ഉടമയുടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് അക്കൗണ്ട് ലോഗൗട്ടാകുന്നു. പിന്നീട് ലോഗിൻ ചെയ്യാൻ ശ്രമിച്ചാലും നടക്കില്ല. വാട്‌സ്ആപ്പ് അയയ്ക്കുന്ന ഒടിപി കൈക്കലാക്കിയാണ് അക്കൗണ്ടുകൾ ലോഗിൻ ചെയ്യുക. ഒരാളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് കയ്യടക്കിയാൽ ആ ഇരയുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള മറ്റൊരാളെ ഹാക്ക് ചെയ്യാൻ ശ്രമം തുടങ്ങുന്നതാണ് അടുത്തപടി.
അക്കൗണ്ട് ഹാക്ക് ചെയ്താൽ പണം ചോദിക്കുന്നതുൾപ്പെടെയുള്ള തട്ടിപ്പുകളാണ് ഇക്കൂട്ടർ കാണിക്കുന്നത്. മറ്റൊരാൾ വാട്‌സ്ആപ്പിന്‍റെ നിയന്ത്രണം കൈക്കലാക്കിയാലും അയാൾക്ക് പഴയ ചാറ്റുകൾ വായിക്കാൻ കഴിയില്ലെന്നാണ് വാട്‌സ്ആപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്. എങ്കിലും ഉപഭോക്താക്കൾ ഇത് സംബന്ധിച്ച ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Read more: ആൻഡ്രോയ്‌ഡും ഐഫോണും തമ്മില്‍ മെസേജ് അയക്കല്ലേ, സേഫല്ല!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം