5ജി വൈകും എങ്കിലും വാവ്വേയെ അകറ്റി നിര്‍ത്തി ഓസ്ട്രേലിയ ?
- ചൈനീസ് ടെക്നോളജി കമ്പനിയായ വാവ്വേയ്ക്ക് ഓസ്ട്രേലിയയില്‍ കനത്ത തിരിച്ചടി വാവ്വേയില്‍ നിന്നും 5ജി ഉപകരണങ്ങള്‍ വാങ്ങുവാനുള്ള കരാര്‍ ഓസ്ട്രേലിയ തടഞ്ഞു
കാന്‍ബറ: ചൈനീസ് ടെക്നോളജി കമ്പനിയായ വാവ്വേയ്ക്ക് ഓസ്ട്രേലിയയില്‍ കനത്ത തിരിച്ചടി വാവ്വേയില്‍ നിന്നും 5ജി ഉപകരണങ്ങള്‍ വാങ്ങുവാനുള്ള കരാര്‍ ഓസ്ട്രേലിയ തടഞ്ഞു. ഓസ്ട്രേലിയന്‍ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷ കാരണങ്ങളാലാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഈ കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ തയ്യാറാകാത്ത വാവ്വേ. സുരക്ഷ പ്രശ്നങ്ങള്‍ എന്ന വാദം തള്ളിയിട്ടുണ്ട്. ഒപ്റ്റസ്, ടെല്‍സ്ട്ര, വോഡഫോണ്‍, ടിപിജി എന്നിവയാണ് ഓസ്ട്രേലിയയിലെ പ്രധാന ടെലികോം കമ്പനികള്‍. ഇവരുമായാണ് വാവ്വേയ്ക്ക് 5ജി അടിസ്ഥാന സൗകര്യ വികസനത്തിന് കരാര്‍ ഉണ്ടായിരുന്നത്. ഇതാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തടഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ 170 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാവ്വേ, ഓസ്ട്രേലിയയില്‍ വാവ്വേയുടെ ചൈനീസ് ബന്ധം സംബന്ധിച്ച് ഉയരുന്ന സുരക്ഷ ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വസ്തുതപരമായ വിശദീകരണം ഒന്നും ഇല്ലെന്നും ഇവര്‍ പറയുന്നു. ഓസ്ട്രേലിയ 2012 ല്‍ ഓസ്ട്രേലിയയിലെ നാഷണല്‍ ബ്രോഡ്ബാന്‍റ് നെറ്റ്വര്‍ക്കിന് സാധനങ്ങള്‍ എത്തിക്കുന്നതില്‍ നിന്നും വാവ്വേയെ വിലക്കിയിരുന്നു.