ആപ്പിലായി പാമ്പും; സ്നേക്ക്പീഡിയ തുറക്കൂ, പാമ്പുപിടുത്തക്കാർ വീട്ടിലെത്തും
പ്രകൃതി സ്നേഹികളും ഡോക്ടർമാരും ശാസ്ത്രരംഗത്തുളളവരും ചേർന്നാണ് തികച്ചും സൗജന്യമായ മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.
പാമ്പിനെ കണ്ട് വടിയെടുക്കും മുമ്പേ ആപ്പ് തുറക്കാം, പാമ്പ് പിടുത്തക്കാർ ഉടൻ വീട്ടിലെത്തും. കേരളത്തിലെ പാമ്പുകളെക്കുറിച്ചുളള സമഗ്രവിവരങ്ങളുമായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായി. സ്നേക്ക്പീഡിയ എന്ന ആപ്പിലൂടെ പാമ്പുകളെ സംബന്ധിച്ച സകലവിവരങ്ങളും ചികില്‍സ മാര്‍ഗനിര്‍ദേശങ്ങളും ഇനി ഒറ്റ ക്ലിക്കിലറിയാം
ലോകത്തിലാകെയുളളത് മൂവായിരത്തി അറുനൂറോളം ഇനം പാമ്പുകൾ. കേരളത്തിലാകട്ടെ പന്ത്രണ്ട് വിഭാഗത്തിൽപ്പെട്ട നൂറിലധികം ഇനം പാമ്പുകൾ. വിഷമുളളതാണോ വിഷമില്ലാത്തതാണോ? സെർച്ച് ബാറിൽ പാമ്പിന്റെ പേര് അടിച്ചാൽ പാമ്പിന്റെ ചിത്രങ്ങളും ശബ്ദരേഖയുമുൾപ്പെടെ സകലവിവരങ്ങഴും വിരൽത്തുമ്പിൽ.
ഓരോയിനം പാമ്പുകളേയും കൃത്യമായി തിരിച്ചറിയാനുള്ള അടയാളങ്ങളൾ ഇൻഫോഗ്രാഫിക്സിന്റെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നു. പ്രതിവിഷം അടക്കമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉള്ള 158 ആശുപത്രികളുടെ ലിസ്റ്റ്, പ്രഥമശുശ്രൂഷയെക്കുറിച്ചും ചികിത്സയെ കുറിച്ചുമുളള വിശദ്ധ വിവരങ്ങൾ, അടുത്തുളള ആശുപത്രിയിലേക്കുളള റൂട്ട് മാപ്പ് പോലും ആപ്പിലൂടെ ലഭ്യം.
പാമ്പിനെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ വിദഗ്ധരോട് നേരിട്ടു ചോദിക്കാനും അവസരം. പാമ്പിന്റെ ഫോട്ടോയെടുത്ത് സ്നേക്പീഡിയ എക്സ്പേർട്ട് പാനലിന് അയക്കാം. മറുപടി ഉടൻ ലഭിക്കും. വനം വന്യജീവി വകുപ്പ് നൽകിയ ശാസ്ത്രീയമായ പരിശീലനവും ലൈസൻസും ലഭിച്ച എണ്ണൂറിലധികം പാമ്പ് പിടുത്തക്കാരുടെ വിവരങ്ങൾ, എന്തിന് പാമ്പിനെക്കുറിച്ച് പ്രചാരത്തിലുളള കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമടക്കം സ്കീനിൽ തെളിയും. പ്രകൃതി സ്നേഹികളും ഡോക്ടർമാരും ശാസ്ത്രരംഗത്തുളളവരും ചേർന്നാണ് തികച്ചും സൗജന്യമായ മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.