ജിയോയ്ക്ക് ചൈനീസ് വെല്ലുവിളി വരുന്നു
ദില്ലി: ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബ ഇന്ത്യയില്‍ സൌജന്യ ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററുമാരുമായി ചേര്‍ന്നായിരിക്കും പദ്ധതിയെന്നാണ് ബിസിനസ് സ്റ്റാന്‍റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറഞ്ഞ ഡേറ്റാ നിരക്കില്‍ മികച്ച കണക്ടിവിറ്റി നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കും, അതും സൗജന്യ കണക്ടിവിറ്റിയോടെ. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ആലിബാബ മൊബൈല്‍ ബിസിനസ് പ്രസിഡണ്ട് ബിസിനസ് ഇന്‍സൈഡറോട് പദ്ധതിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്
അതിവേഗ ഇന്‍റര്‍നെറ്റ് എത്താത്ത പ്രദേശങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനാണ് കമ്പനിയുടെ പ്രഥമ പരിഗണന. കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ നേരിടുന്ന യൂസര്‍മാര്‍ക്കും സേവനം ലഭ്യമാക്കും. സൗജന്യ സേവനങ്ങളുമായുള്ള റിലയന്‍സ് ജിയോയുടെ വരവോടെ കനത്ത തിരിച്ചടിയാണ് രാജ്യത്തെ മറ്റു ടെലികോം കമ്പനികള്‍ നേരിടുന്നത്.
ജിയോയെ നേരിടാന്‍ താരിഫ് നിരക്കുകള്‍ വെട്ടികുറക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ജിയോയെ ഇടിച്ചിടാന്‍ ഐഡിയയും വൊഡാഫോണും ലയിക്കാന്‍ തീരുമാനിച്ചതും വാര്‍ത്തയായി. ഇതിനുപിന്നാലെയാണ് ആലിബാബ പദ്ധതി വെളിച്ചത്ത് വന്നിരിക്കുന്നത്. ഇന്ത്യയില്‍ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയുമായി രംഗത്ത് വരുന്ന ആദ്യ വിദേശ കമ്പനിയല്ല ആലിബാബ.
നേരത്തെ ഫെയ്‌സ്ബുക്കും ഗൂഗിളും സമാന പദ്ധതികളുമായി രംഗത്തെത്തിയിരുന്നു. റെയില്‍ടെല്ലുമായി സഹകരിച്ച് രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നതാണ് ഗൂഗിള്‍ പദ്ധതി. ഇതിനകം നൂറ് സ്റ്റേഷനുകളില്‍ പദ്ധതി അവതരിപ്പിച്ചു. 400 സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.