ബിഎസ്എന്‍എല്‍ 4ജി: 35000 ടവറുകള്‍ പൂര്‍ത്തിയായി, മാന്ത്രിക സംഖ്യ പിന്നിടുക 2025ല്‍
രാജ്യത്ത് ഏറ്റവും വൈകി 4ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ച കമ്പനിയാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍
ദില്ലി: പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലിന്‍റെ 4ജി വ്യാപനം പുരോഗമിക്കുകയാണ്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമായിത്തുടങ്ങി. എന്നാല്‍ ഗ്രാമങ്ങളിലടക്കം പലയിടങ്ങളിലും ബിഎസ്എന്‍എല്‍ 4ജി എത്തിയിട്ടുമില്ല. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിന്‍റെ വേഗത്തെ കുറിച്ച് ഇപ്പോഴും പരാതികള്‍ അനവധി. എത്ര 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്ലിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്ന ചോദ്യവും സജീവം. ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
'ബിഎസ്എന്‍എല്‍ മുപ്പത്തിയയ്യായിരം 4ജി ടവറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 2025 ജൂണോടെ ഒരു ലക്ഷം 4ജി ടവറുകള്‍ കൂടി സ്ഥാപിക്കും. ഇത് ബിഎസ്എന്‍എല്ലിന്‍റെ സര്‍വീസ് മെച്ചപ്പെടുത്തും. പുതിയ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും' എന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. തദ്ദേശീയമായ ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4ജി വിന്യാസം പൂര്‍ത്തിയാക്കുക എന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശീയമായ 4ജി സാങ്കേതികവിദ്യയൊരുക്കിയ കേന്ദ്ര സ്ഥാപനമായ സി-ഡോട്ടിന് പുറമെ ടിസിഎസ്, തേജസ് നെറ്റ്‌വര്‍ക്ക് എന്നിവയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ 4ജി വിന്യാസം നടത്തുന്നത്.
രാജ്യത്ത് ഏറ്റവും വൈകി 4ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ച കമ്പനിയാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. സ്വകാര്യ കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നിവയ്ക്ക് ഇതിനകം 4ജി സാങ്കേതികവിദ്യകളുണ്ട്. ഈ കമ്പനികള്‍ 5ജി വിന്യാസം തുടങ്ങിയിരിക്കേയാണ് ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത് പോലും.
ജൂലൈ ആദ്യം സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് പുത്തന്‍ ഉപഭോക്താക്കളുടെ കുത്തൊഴുക്കാണ് പ്രകടമാകുന്നത്. ജൂലൈ മാസം മാത്രം 29 ലക്ഷം പുതിയ ഉപഭോക്താക്കളെ ബിഎസ്എന്‍എല്ലിന് ലഭിച്ചു. ഇതേ മാസത്തില്‍ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് സ്വകാര്യ ഭീമന്‍മാര്‍ക്കും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ നഷ്ടമാകുന്ന സ്ഥിതിയുണ്ടായി. പുതുതായി സിം എടുത്തവരെ പിടിച്ചുനിര്‍ത്താന്‍ എത്രയും വേഗം 4ജി നെറ്റ്‌വര്‍ക്ക് വ്യാപനം ബിഎസ്എന്‍എല്ലിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം