കൂട്ടിയാൽ കൂടില്ല, രണ്ടും പിന്നെ 34 പൂജ്യവും! ഈ പിഴത്തുക കേട്ടാൽ ഉറപ്പായും കണ്ണ് തള്ളിപ്പോവും
ഗൂഗിളിനെതിരെ റഷ്യൻ കോടതിയാണ് എണ്ണിയാൽ തീരാത്തത്രയും പിഴ ചുമത്തിയത്.
2ഉം പിന്നെ 34 പൂജ്യവും. ഈ പിഴത്തുക എണ്ണിത്തീർക്കാൻ അത്ര എളുപ്പമല്ല. കൃത്യമായി പറഞ്ഞാൽ 20 ഡെസില്യണ്‍ ഡോളർ. അതായത് 20,000,000,000,000,000,000,000,000,000,000,000 ഡോളർ. ഗൂഗിളിനെതിരെ റഷ്യൻ കോടതിയാണ് എണ്ണിയാൽ തീരാത്തത്രയും പിഴ ചുമത്തിയത്.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ ചില യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയതാണ് കാരണം. സർക്കാരിന്‍റെ പിന്തുണയുള്ള ചില മാധ്യമ സ്ഥാപനങ്ങളുടെ യൂട്യൂബ് ചാനലുകളാണ് വിലക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് ഇതെന്നും വിലക്ക് പിൻവലിക്കണമെന്നും നേരത്തെ റഷ്യ ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനമുണ്ടാവാതിരുന്നതിനാലാണ് നിയമ നടപടി. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്‍റെ ഉടമസ്ഥതയിലുള്ള യുട്യൂബിന് വൻതുക പിഴ ചുമത്തുകയും ചെയ്തു. ഒമ്പത് മാസത്തിനുള്ളിൽ ചാനലുകൾ പുനസ്ഥാപിച്ചില്ലെങ്കിൽ ഓരോ ദിവസവും പിഴ ഇരട്ടിയാകുമെന്നും വിധിയിൽ പറയുന്നു.
ആർടി, സ്പുട്നിക് ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ചാനലുകൾക്ക് 2022 മുതലാണ് ആഗോള നിരോധനം ഏർപ്പെടുത്തിയത്. റഷ്യ - യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ ആയിരത്തിലധികം ചാനലുകളും 15,000ത്തിലധികം വീഡിയോകളും നീക്കം ചെയ്തു. ഈ നീക്കത്തെ സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ സെൻസർഷിപ്പും അടിച്ചമർത്തലുമാണെന്ന് റഷ്യ വിലയിരുത്തി.
2020 മുതൽ തന്നെ റഷ്യയുടെ ഗൂഗിളും തമ്മിലെ നിയമ യുദ്ധം തുടങ്ങിയിട്ടുണ്ട്. ആർഐഎ എഫ്എഎൻ (RIA FAN)പോലുള്ള ചാനലുകൾ ബ്ലോക്ക് ചെയ്തതിന് 100,000 റൂബിൾസ് (ഏകദേശം 1,028 ഡോളർ) പ്രതിദിന പിഴ ചുമത്തിയിരുന്നു. 2022 മുതൽ ഗൂഗിൾ റഷ്യയ്ക്കുള്ളിലെ പ്രവർത്തനങ്ങൾ ഗണ്യമായി വെട്ടിക്കുറച്ചിരുന്നു.
റഷ്യൻ ബ്രോഡ്കാസ്റ്റർമാരോടുള്ള നിലപാട് പുനഃപരിശോധിക്കാൻ ഗൂഗിളിനെ പ്രേരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രതീകാത്മക നടപടിയാണ് പിഴയെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. റഷ്യൻ മാധ്യമങ്ങൾക്ക് യൂട്യൂബ് ഏർപ്പെടുത്തിയ വിലക്കിനെ റഷ്യ എത്രമാത്രം ഗൗരവമായാണ് കാണുന്നതെന്ന് വ്യക്തമാക്കാനാണ് ഈ ഭീമാകാരമായ പിഴ ചുമത്തിയതെന്ന് അദ്ദേഹം റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം